രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ : രൂക്ഷമായ വിമര്‍ശനവുമായി രഘുറാം രാജന്‍

രാജ്യത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇത്രയേറെ അധപതിക്കാന്‍ കാരണം സർക്കാരിന്‍റെ വ്യക്തികേന്ദ്രീകൃതമായ രീതിയാണെന്ന വിമര്‍ശനവുമായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍റെ ഓഫീസിനെയും മാത്രം ചുറ്റിപ്പറ്റി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പ്രവണത ഒരു പക്ഷേ പാര്‍ട്ടിയുടെ രാഷ്ട്രീയ സാമൂഹ്യ അജണ്ടയ്ക്ക് ചേരുന്നതായിരിക്കുമെങ്കിലും ഒരിക്കലും ഒരു രാജ്യത്തിന്‍റെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ക്ക് ദീര്‍ഘവീക്ഷണമില്ലാതായി മാറ്റുന്നു. ഒരു ദേശീയ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തിക പരിഷ്‌കരണങ്ങളെപ്പറ്റിയോ ദേശീയ തലത്തില്‍ പ്രാവര്‍ത്തകമാക്കേണ്ട സമ്പദ് വ്യവസ്ഥയെക്കുറിച്ചോ കൃത്യമായ ധാരണയില്ലാത്ത ഒരു കൂട്ടം ആളുകള്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍റെ ഓഫീസിനെയും ചുറ്റിപ്പറ്റി നില്‍ക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും അവ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ രാജ്യതാല്‍പര്യങ്ങളെക്കാളുപരി തങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ അജണ്ടകള്‍ക്ക് പ്രധാന്യം നല്‍കുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം. രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഇവര്‍ താരതമ്യേന പ്രാധാന്യം കുറയ്ക്കുന്നതായാണ് കാണുന്നത്. ഇത് വളരെ ആശങ്കാജനകമായ കാര്യമാണെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാണിക്കുന്നു.

മോദിസര്‍ക്കാര്‍ അധികാരത്തിലേറിയതു തന്നെ ‘മിനിമം ഗവണ്‍മെന്‍റ്, മാക്‌സിമം ഗവേണന്‍സ്’ എന്നത് ഉയര്‍ത്തിക്കാട്ടിയാണ് എന്നാല്‍ ഇപ്പോള്‍ അക്കാര്യം മറന്നുവെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. ജനങ്ങളെ മാത്രമല്ല, സ്വകാര്യ മേഖലയെക്കൂടി എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കണം. സ്വതന്ത്രമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ച് രാജ്യത്തിന് വേണ്ടി മുതല്‍ക്കൂട്ടാകാന്‍ അവസരം നല്‍കുമെന്ന വാഗ്ദാനം ഇപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട് ഉണ്ടായിരുന്ന സ്വാതന്ത്ര്യം പോലും നഷ്ടമാകുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. ആദ്യം ചെയ്യേണ്ടത് ഗ്രാമീണ മേഖലയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ്. പിന്നീട് മേഖലാടിസ്ഥാനത്തില്‍, അതായത് റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, എന്‍.ബി.എഫ്.സികള്‍ എന്നിവയില്‍ വളര്‍ച്ച കൊണ്ടുവരിക. അത് വളര്‍ച്ച കൂട്ടും.’- അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment