യു.പി സര്‍ക്കാരിനെതിരെ ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്‍റെ ബന്ധുക്കള്‍

Sunday, December 9, 2018

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശത്തിനെതിരെ ബുലന്ദ്ഷഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്‍റെ മകന്‍. പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തിലല്ല, ആകസ്മികമാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെയാണ് കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്‍റെ മക്കള്‍ രംഗത്തെത്തിയത്. നീതി ലഭിച്ചില്ലെങ്കില്‍ യോഗി സര്‍ക്കാരിനെ തങ്ങള്‍ക്ക് വിമര്‍ശിക്കേണ്ടിവരുമെന്നും ഇവര്‍ വ്യക്തമാക്കി.

ജോലിക്കിടെയാണ് തങ്ങളുടെ പിതാവ് കൊല്ലപ്പെട്ടതെന്നും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഇനി ഇത്തരത്തിലൊരു സംഭവം ഉണ്ടാകാതിരിക്കാനായി ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ആള്‍ക്കൂട്ട ആക്രമണത്തെ അപലപിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ യോഗി ആദിത്യനാഥിന്‍റെ നടപടി കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ചതാവട്ടെ തികച്ചും നിരുത്തരവാദപരമായ രീതിയിലും. കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥനെക്കാലും പശുക്കളെ കൊന്നവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന കാര്യത്തിനായിരുന്നു യോഗി ആദിത്യനാഥ് പ്രാധാന്യം നല്‍കിയത്. ഈ നിലപാടിനെതിരെയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്‍റെ മക്കളും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നത്.

പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പോലീസ് സംഘത്തെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ സുബോധ് കുമാറിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.