യോഗി ആദിത്യനാഥിനെതിരെ പോസ്റ്റിട്ടതിന് തടവിലാക്കിയ മാധ്യമപ്രവര്‍ത്തകന്‍ ജയില്‍മോചിതനായി

Jaihind Webdesk
Wednesday, June 12, 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വിറ്റര്‍ പോസ്റ്റിട്ടു എന്ന കേസില്‍ ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ മോചിതനായി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രശാന്ത് കനൂജിയയെ ജയില്‍ മോചിതനാക്കിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മറ്റ് അഞ്ച് പേര്‍ ജയിലില്‍ തുടരുകയാണ്.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കനൂജിയയെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.  20,000 രൂപയുടെ രണ്ട് ജാമ്യത്തിലും ഒരു ആള്‍ ജാമ്യത്തിനുമാണ് ലക്‌നൗ ജയിലില്‍നിന്ന് കനൂജിയ പുറത്തിറങ്ങിയത്. കനൂജിയ ഉള്‍പ്പെടെ ആറ് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു രാജ്യത്ത് ഉയര്‍ന്നത്. സുപ്രീം കോടിയും യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ നടപടിക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. എന്തടിസ്ഥാനത്തിലാണ് കനൂജിയയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച സുപ്രീം കോടതി കൊലപാതകമല്ല നടന്നതെന്നും കനൂജിയയെ ഉടന്‍ ജയില്‍ മോചിപ്പിക്കണമെന്നും ഉത്തരവിട്ടു. കനോജിയയുടെ ഭാര്യയുടെ ഹർജി സ്വീകരിച്ചായിരുന്നു കോടതി നടപടി.

യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തതിന്‍റെ പേരിലായിരുന്നു പ്രശാന്ത് കനൂജിയ എന്ന മാധ്യമപ്രവര്‍ത്തകനെയും ഇത് സംപ്രേഷണം ചെയ്തതിന് പ്രാദേശിക ചാനലായ നേഷന്‍ ലൈവിലെ മാധ്യമപ്രവര്‍ത്തകരെയും ആദിത്യനാഥിന്‍റെ പോലീസ് അറസ്റ്റ് ചെയ്തത്. കനൂജിയ ഉള്‍പ്പെടെ ആറ് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരല്ലാത്ത രണ്ടുപേരും ഇതില്‍ ഉള്‍പ്പെടുന്നു.

തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും തന്നെ വിവാഹം ചെയ്യാന്‍ തയാറാണോ എന്നത് യോഗി ആദിത്യനാഥ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണ്  പ്രശാന്ത് കനൂജിയ ഷെയര്‍ ചെയ്തത്. കാലങ്ങളായി താന്‍ ആദിത്യനാഥുമായി ചാറ്റ് ചെയ്യാറുണ്ടെന്നും സ്ത്രീ വീഡിയോയില്‍ പറയുന്നുണ്ട്.  യോദി ആദിത്യനാഥിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.