കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പൂര്‍ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; നടുറോഡില്‍ പ്രസവിച്ച് യുവതി

Jaihind Webdesk
Thursday, June 20, 2019

ഉത്തർപ്രദേശ്: നഴ്സിന് കൈക്കൂലി നല്‍കാനില്ലാത്തതിനാല്‍ ആഗ്രയില്‍ പൂര്‍ണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു. തുടര്‍ന്ന്  റോഡില്‍ പ്രസവിക്കേണ്ട ഗതികേടില്‍ യുവതി. രുണ്‍കാത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. ആഗ്രയിലെ ലഖൻപുർ ഗ്രാമവാസിയായ നൈന ദേവിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച യുവതിയുടെ ഭര്‍ത്താവിനോട് നഴ്സ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കാന്‍ തങ്ങളുടെ കൈവശം ഇല്ലെന്ന് ഇവര്‍ അറിയിച്ചതോടെ നഴ്സ് യുവതിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. പാവങ്ങളാണെന്നും കാശ് ഇല്ലാത്തതിനാലാണ് നല്‍കാന്‍ കഴിയാത്തതെന്നും കരഞ്ഞുപറഞ്ഞിട്ടും നഴ്സ് വഴങ്ങിയില്ലെന്ന് നൈനാ ദേവിയുടെ ഭര്‍ത്താവ് ശ്യാം സിംഗ് പറയുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചുതരാമോ എന്ന് അപേക്ഷിച്ചപ്പോള്‍ 102 ഡയല്‍ ചെയ്ത് കാത്തിരിക്കാനായിരുന്നു നഴ്സിന്‍റെ മറുപടി. മറ്റ് വഴിയൊന്നും ഇല്ലാതായതോടെ ഭാര്യയെയും കൂട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക് നടക്കവെ പ്രസവവേദനയാല്‍ അവശയായ യുവതി റോഡില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് പ്രസവിക്കുകയുമായിരുന്നു. റോഡിലുണ്ടായിരുന്ന ഏതാനും സ്ത്രീകളാണ് യുവതിയുടെ സഹായത്തിനെത്തിയത്.

പ്രഥാമികാന്വേഷണത്തിന് പിന്നാലെ ഡ്യൂട്ടി നഴ്സ് സരിത സിംഗിനെ ജോലിയില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്തതായി ആഗ്ര മെഡിക്കല്‍ ഓഫീസര്‍ മുകേഷ് വാത്സ അറിയിച്ചു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്കും ഫാര്‍മസിസ്റ്റിനും എതിരായ നടപടി തീരുമാനിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ ഉത്തർപ്രദേശിലെ കുത്തഴിഞ്ഞ ആരോഗ്യമേഖലയ്ക്കും യാതൊരു നടപടിയും സ്വീകരിക്കാത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

സാമൂഹിക പ്രവര്‍ത്തകന്‍ വിജയ് ഉപാധ്യായ് ഉത്തര്‍പ്രദേശിലെ ആരോഗ്യരംഗത്തിന്‍റെ അവസ്ഥയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യുന്നു എന്നതും ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് ജോലിസമയത്തിന് ശേഷം ആണെന്നുമുള്ള കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് വിജയ് ഉപാധ്യായ് പറഞ്ഞു.

ഒരു സ്ത്രീയുടെയും കുട്ടിയുടെയും ജീവന്‍ വെച്ച് പന്താടിയ ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്. ഉത്തര്‍പ്രദേശിന്‍റെ ആരോഗ്യമേഖലക്കെതിരെ വ്യാപക പരാതിയാണ് നിലനില്‍ക്കുന്നത്. കാലഹരണപ്പെട്ട പ്രവര്‍ത്തനരീതി അവലംബിക്കുന്ന ആരോഗ്യകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്ത യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ജനരോഷം ഉയരുകയാണ്.

teevandi enkile ennodu para