ആക്ടിവിസ്റ്റുകളുടെ ശബരിമലപ്രവേശം: പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

Jaihind Webdesk
Wednesday, January 2, 2019

Sabarimala-Pinarayi

മതിലിന്‍റെ മറവില്‍ ആക്ടിവിസ്റ്റുകളെ ശബരിമല നടത്തിയതിനെതിരെ പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ നടപടിയിലൂടെ വിശ്വാസിസമൂഹത്തെ ഒന്നാകെ മുഖ്യമന്ത്രിയും സര്‍ക്കാരും വഞ്ചിച്ചുവെന്ന പൊതുവികാരമാണ് ഉയരുന്നത്. ഇരുമുടിക്കെട്ടില്ലാതെ എത്തിയ ആക്ടിവിസ്റ്റുകള്‍ക്ക് പോലീസ്  സംരക്ഷണം ഒരുക്കിയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശബരിമല ദര്‍ശനത്തിന് സൌകര്യമൊരുക്കിയത്.

യുവതികളായ ആക്ടിവിസ്റ്റുകള്‍ ശബരിമല ദര്‍ശനം നടത്തിയെന്നത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്നത് വസ്തുതയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ ശബരിമലയിലെ യുവതീപ്രവേശനം മുഖ്യമന്ത്രിയുടെയും പോലീസിന്‍റെയും കൃത്യമായ അറിവോടെയാണെന്നത് വ്യക്തമായി.

ആചാരലംഘനം നടന്നതിന്‍റെ പശ്ചാത്തലത്തില്‍ നട അടച്ച തന്ത്രിയുടെ നടപടിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ആക്ടിവിസ്റ്റുകളുടെ ശബരിമല ദര്‍ശനം ശരിവെച്ച പാര്‍ട്ടി സെക്രട്ടറി, തന്ത്രിയുടെ നടപടി കോടതിവിധിയുടെ ലംഘനമാണെന്ന് ആരോപിച്ചു.

അതേസമയം പന്തളം രാജകുടുംബവും വിശ്വാസിസമൂഹവും തന്ത്രിയുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തി. ആചാരലംഘനമുണ്ടായപ്പോള്‍ നട അടച്ച് ശുദ്ധിക്രിയ ചെയ്യുന്നത് കോടതിവിധിയുടെ ലംഘനമാകില്ലെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും സര്‍ക്കാരും വിശ്വാസിസമൂഹത്തെ മുഴുവന്‍ വഞ്ചിച്ചിരിക്കുകയാണെന്നും വിശ്വാസികളും വ്യക്തമാക്കി.