കേരളത്തിന് പഞ്ചാബിന്‍റെ 10 കോടി സഹായം

Jaihind News Bureau
Friday, August 17, 2018

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്‍റെ 10 കോടി രൂപയുടെ ധനസഹായം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് സഹായം പ്രഖ്യാപിച്ചത്. ഇതില്‍ 5 കോടി രൂപ പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നേരിട്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ബാക്കി 5 കോടി രൂപ ഭക്ഷണസാധനങ്ങളായുമാണ് നല്‍കുന്നത്.

ഭക്ഷണസാധനങ്ങള്‍ നാളെ മുതല്‍ വിതരണം ചെയ്തുതുടങ്ങും. നാല് ഘട്ടങ്ങളിലായാണ് ഭക്ഷണ വിതരണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ നാളെ 30 ടണ്‍ ഭക്ഷ്യസാധനങ്ങളാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിക്കുക. ബിസ്ക്കറ്റ്, റസ്ക്ക്, കുപ്പിവെള്ളം, പാല്‍പ്പൊടി തുടങ്ങിയ ഭക്ഷണവസ്തുക്കളാണ് വിതരണം ചെയ്യുന്നത്.

കേരളത്തിന്‍റെ ദുരിതാവസ്ഥയില്‍ എല്ലാ വിധ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പുറമെ പഞ്ചാബിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പഞ്ചാബിലെ എല്ലാ സന്നദ്ധ സംഘടനകളും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവന ചെയ്യാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദേശിച്ചിട്ടുണ്ട്.

അതി ദുരിതപൂര്‍ണമായ ഈ അവസ്ഥയില്‍ രാജ്യം മുഴുവന്‍ കേരളത്തിന് ഒപ്പം നില്‍ക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആഹ്വാനം ചെയ്തു.