പി.എസ്.സിയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ; റാങ്ക് പട്ടിക രീതിയിലെ മാറ്റത്തില്‍ സർക്കാരിനെതിരെ വിമർശനം

തിരുവനന്തപുരം : പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ മാറ്റം വരുത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം പി.എസ്.സിയുടെ സ്വതന്ത്ര അധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നാക്ഷേപം. നിയമനരീതി എപ്രകാരം ആകണമെന്നതും ലിസ്റ്റിൽ എത്ര പേരെ ഉൾപ്പെടുത്തണമെന്നതും കമ്മീഷന്‍റെ പരമാധികാരമാണ്. റാങ്ക് പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശത്തിനെതിരെ വ്യാപകവിമർശനമാണുയരുന്നത്.

റാങ്ക് പട്ടികയിൽ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ ഏറെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നതിന് പകരം ഒഴിവുകൾക്ക് അനുസൃതമായി പട്ടിക തയ്യാറാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ പി.എസ്.സി യുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. നിയമനം, റാങ്ക് ലിസ്റ്റില്‍ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണം, പി.എസ്.സി ലിസ്റ്റ് കാലാവധി നീട്ടണമോ എന്നതടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ്റെ പരമാധികാരത്തിൽപ്പെടുന്നവയാണ്. അത്തരമൊരു വിഷയത്തിന് മേൽ മുഖ്യമന്ത്രി നിയമസഭയ്ക്കുള്ളിൽ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ വിവാദമാവുന്നത്. മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന കമ്മീഷനോടും ഉദ്യോഗാർത്ഥികളോടുമുള്ള ഇരട്ട അനീതിയാണെന്ന് പി.എസ്.സി മുൻ ജോയിൻ സെക്രട്ടറി എ.കെ സാദിഖ് ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷിത ഒഴിവുകൾക്കനുസൃതമല്ലാത്ത റാങ്ക് ലിസ്റ്റുകളുടെ വലിപ്പം കുറയ്ക്കാൻ സർക്കാർ 2019 ഡിസംബറിൽ രൂപീകരിച്ച കെ.കെ ദിനേശൻ കമ്മീഷന്‍റെ നിയമനവും ക്രമവിരുദ്ധമാണ്. മിക്ക വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേയ്ക്കും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും നിയമനം സ്തംഭനാവസ്ഥയിലാണ്. ഏറെ ഒഴിവുകളിലും ഇഷ്ടക്കാരെ കരാർ അടിസ്ഥാനത്തിൽ തിരുകി കയറ്റുന്ന നയമാണ് ഇടതുസർക്കാരിൻ്റേതെന്ന അരോപണവും നിലവിലുണ്ട്. സർക്കാരിന് ഉപദേശം നൽകാനുള്ള ദൗത്യം പി.എസ്.സിക്ക് ആണെന്നിരിക്കെയാണ്, പി.എസ്.സിയുടെ പരമാധികാരത്തിന് മേലുള്ള പിണറായി സർക്കാരിന്റെ കടന്നുകയറ്റം.

Comments (0)
Add Comment