‘പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍’ എന്ന മുദ്രാവാക്യവുമായി വി.വി പ്രകാശ് നയിക്കുന്ന ലോംഗ് മാർച്ച്

മലപ്പുറം : പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രവാക്യവുമായി മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്‌ അഡ്വ. വി.വി പ്രകാശ് നേതൃത്വം നൽകുന്ന ലോംഗ് മാർച്ച്‌ തുടരുന്നു. ഇന്ന് നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്ന മാർച്ച്‌ വൈകിട്ടോടെ എടവണ്ണയിൽ സമാപിക്കും. ഇതുവരെ കാൽ നടയായി ഇരുപത് കിലോമീറ്റർ പൂർത്തിയാക്കിയ മാർച്ച്‌ ഇന്ന് 15 കിലോമീറ്ററാണ് പര്യടനം നടത്തുന്നത്. ഇന്നത്തെ സമാപന സമ്മേളനം എടവണ്ണയിൽ കെ.പി.സി.സി വൈസ് പ്രസിഡന്‍റ്‌ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ലോംഗ് മാർച്ച് 13ന് പൊന്നാനിയിലാണ് സമാപിക്കുന്നത്.

എൻ.ആർ.സി അസമിൽ മാത്രം നടപ്പിലാക്കിയപ്പോൾ 19 ലക്ഷം ആളുകൾ പുറത്തായെങ്കിൽ രാജ്യം മുഴുവൻ നടപ്പിലാക്കിയാൽ എത്ര ആളുകൾ പുറത്താകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രവാക്യവുമായി ഡി.സി.സി പ്രസിഡന്‍റ്‌ വി.വി പ്രകാശ് നയിക്കുന്ന മാർച്ചി‍ന്‍റെ നിലമ്പൂരിലെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 3 ന് വഴിക്കടവില്‍ നിന്നാണ് മാർച്ചിന് തുടക്കമായത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വഴിക്കടവിൽ നിന്നും ആരംഭിച്ച മാർച്ച് ഇരുപതോളം കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നിലമ്പൂരിലെത്തി. നിലമ്പൂരിലെ പൊതുസമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. 3 കോടി ജനങ്ങളുള്ള അസമിൽ എൻ.ആർ.സി നടപ്പിലാക്കിയപ്പോൾ 19 ലക്ഷം ആളുകൾ പുറത്ത് പോയെങ്കിൽ 130 കോടി ജനങ്ങളിൽ ഇത് പ്രവർത്തികമാക്കുമ്പോൾ എത്ര ആളുകൾ പുറത്ത് പോവുമെന്ന് പി.സി വിഷ്ണുനാഥ് ചോദിച്ചു.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ലോംഗ് മാർച്ചിന് വലിയ ജനപിന്തുണയാണ് ജില്ലയിൽ ലഭിക്കുന്നത്. യു.ഡി.എഫിന്‍റെ ഘടകകക്ഷികളും പൊതുജനങ്ങളും കവലകളിലും, ഗ്രാമപ്രദേശങ്ങളിലും അഭിവാദ്യവുമായി മാർച്ചിന് ആവേശോജ്വല സ്വീകരണമാണ് നല്‍കിയത്. മാർച്ചിന്‍റെ സമ്മേളനങ്ങളിലെല്ലാം മുഖ്യ പ്രഭാഷകനായി മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ സാന്നിധ്യവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി.

Long MarchV.V Prakash
Comments (0)
Add Comment