വർക്കലയില്‍ സ്കൂള്‍ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ക്രൂരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം | Video

Jaihind Webdesk
Monday, October 28, 2019

തിരുവനന്തപുരം: വര്‍ക്കല  ഗവണ്‍മെന്‍റ് മോഡല്‍ സ്‌കൂളിലെ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം. വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

വര്‍ക്കല ഗവണ്‍മെന്‍റ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂളിനുള്ളില്‍ കടന്ന് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. പോലീസ് അതിക്രമത്തില്‍ സംസ്ഥാന കബഡി താരം സുധീഷ് ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. സുധീഷിനെ പോലീസ് നിലത്തുകൂടി വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. ജീപ്പില്‍ കയറ്റിയ വിദ്യാര്‍ഥിയെ ആദ്യം പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നും ആശുപത്രിയിലേക്കും എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു.

ദീപാവലിയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചെന്ന പേരിലാണ് പോലീസ് സ്കൂളിനുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. വര്‍ക്കല എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് നേരെ മർദനം അഴിച്ചുവിടുകയായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും വര്‍ക്കല സ്റ്റേഷനില്‍ എത്തിയ എസ്‌.ഐയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ മര്‍ദിച്ചത്. പോലീസിന്‍റെ ക്രൂരമായ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

വിദ്യാര്‍ത്ഥികളെ പോലീസ് മർദിക്കുന്ന ദൃശ്യം :

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം :