കെ റെയിലിനെതിരെ കണ്ണൂരില്‍ ശക്തമായ പ്രതിഷേധം ; നാട്ടുകാർ സംഘടിച്ചെത്തി കല്ലിടല്‍ തടഞ്ഞു

കണ്ണൂരിൽ കെ റെയിൽ കല്ലിടലിന് എതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം.  അനയിടുക്ക് ഭാഗത്തുംകണ്ണൂക്കരയിലുമാണ് നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ ഉൾപ്പടെയുളള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ റയിൽ കല്ലിടലിന് എതിരെ വ്യാപക പ്രതിഷേധമാണ് കണ്ണൂരിൽ ഉയരുന്നത്. രാവിലെ ആനയിടുക്ക്, കണ്ണൂക്കര മേഖലയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാരും സംഘടിച്ചെത്തി. കണ്ണൂക്കരയിൽ കല്ലിടലിന് എതിരെ മുദ്രാവാക്യം വിളിച്ച് ആളുകൾ കല്ലിടാൻ എത്തിയവരെ തടഞ്ഞു.

കണ്ണൂക്കര വയനാട് കുലവൻ ക്ഷേത്ര പരിസരത്ത് കല്ലിടാൻ ആരംഭിച്ചതോടെ പ്രതിഷേധം ശക്തമായി.ഡപ്യൂട്ടി മേയർ കെ. ഷബീനയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ കെ റെയിൽ കല്ല് പിഴുത് മാറ്റിയതോടെ പോലീസ് ബലം പ്രയോഗിച്ചു.

ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരിൽ ഒരാൾ മോശമായി പദപ്രയോഗം നടത്തിയത് ബഹളത്തിന് കാരണമായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ഡപ്യൂട്ടി മേയർ കെ. ഷബീനയുൾപ്പടെയുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെ റെയിലിന് എതിരായ പ്രതിഷേധം ശക്തമാക്കാനാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ തീരുമാനം.

Comments (0)
Add Comment