യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന നെയ്യാറ്റിൻകര മുൻ ഡി.വൈ.എസ്.പി ഹരികുമാറിനായി തിരച്ചിൽ ഊർജിത മാക്കി. അതേ സമയം ഹരികുമാറിന് കീഴടങ്ങാൻ അവസരം നൽകാനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റ് വൈകുന്നതിന് എതിരെ പ്രതിഷേധവും ശക്തമായി
കൊലപാതകം നടന്ന ദിവസങ്ങൾ പിന്നിട്ടിട്ടും ഹരികുമാർ ഇപ്പോഴും ഒളിവിലാണ്. ഹരികുമാറിന്റെ ബന്ധു വീടുകളിൽ ഉൾപ്പടെ തെരച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസ് അവകാശപെടുമ്പോഴും കൊല കേസ് പ്രതി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ ബന്ധു വീടുകളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ മൊഴികളും രേഖപ്പെടുത്തും. ഹരികുമാറിന്റെ ഫോണുകളുടെ ലൊക്കേഷനും സൈബർ സെല്ലിന് കണ്ടെത്താനായിട്ടില്ല.
ഇയാൾ തമിഴ്നാട്ടിലാണെന്ന് പറഞ്ഞ പോലീസ് ഇപ്പോൾ ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ മറുപടി നൽകുന്നില്ല. ക്വാറി മണൽ മാഫിയകളുടെ സംരക്ഷണത്തിലായിരിക്കും ഹരികുമാറെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം ഹരികുമാറിന്റെ സർവീസ് റിവോൾവർ പിടിച്ചെടുത്തുവെന്ന പോലീസ് വാദവും സംശയാസ്പദമാണ്. സർവീസ് റിവോൾവറുമായി അധികാര പരിധിക്കപ്പുറം പോകാൻ പാടില്ല എന്നാണ് നിയമം . ഇത് ലംഘിച്ചാൽ ക്രിമിനൽ കേസ് എടുക്കാം. ഇത് ഒഴിവാക്കാനാണ് റിവോൾവർ ഓഫീസിൽ നിന്നും കണ്ടെടുത്തു എന്ന പോലീസ് പറയുന്നത്.
ഹരികുമാറിന്റെ ജാമ്യ അപേക്ഷ ഈ മാസം 14 നാണ് കോടതി പരിഗണിക്കുക. ജാമ്യ അപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഇയാളുടെ നീക്കം. അതേ സമയം അറസ്റ്റ് വൈകുന്നതിൽ ജനരോക്ഷവും ശക്തമാക്കുകയാണ്. അന്വേഷണത്തിൽ സനൽകുമാറിന്റെ കുടംബം തൃപ്തരല്ല. അന്വേഷണ സംഘത്തെ മാറ്റണമെന്നാണ് കുടംബത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് അനുകുല നിലപാട് ഉണ്ടായല്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കാനാണ് സനൽ കുമാറിന്റെ ബന്ധുക്കളുടെ തീരുമാനം.