തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ലാതെ എന്ത് പൂരം? വിലക്കിനെതിരെ വ്യാപക പ്രതിഷേധം

Monday, April 29, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആനയുടമകളുടെ സംഘടന. രാമചന്ദ്രന്‍റെ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ആനയുടമകളുടെ യോഗത്തില്‍ തീരുമാനമായി. മെയ് പത്തിനകം അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ നടപടിയിലേക്കെന്നും കേരള എലിഫന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇതിനായി പതിനൊന്നംഗ സമിതിക്കും തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ രൂപം നല്‍കി.

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കണമെന്നാണ് യോഗത്തിന്‍റെ പ്രധാന ആവശ്യം. 2012ലെ നാട്ടാന പരിപാലന ചട്ടത്തില്‍ ഒരു സ്ഥലത്തും ജില്ലാ ഉത്സവ മോണിറ്ററിംഗ് കമ്മിറ്റിക്ക് ആനകളെ നിരോധിക്കാനുള്ള അധികാരം നല്‍കിയിട്ടില്ലെന്നും യോഗം വ്യക്തമാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉള്ള വിലക്ക് നീക്കാനാവില്ല എന്നാണ് കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചത്. എന്നാല്‍ യോഗത്തില്‍ കേരളാ എലിഫന്‍റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധം അറിയിച്ചെങ്കിലും വിഷയത്തില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാക്കാമെന്ന മന്ത്രി വി.എസ് സുനില്‍ കുമാറിന്‍റെ ഉറപ്പിന്മേലാണ് അന്ന് യോഗം അവസാനിച്ചത്. എന്നാല്‍ തുടര്‍ നടപടികളൊന്നും തന്നെ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് കേരള എലിഫന്‍റ്  ഓണേഴ്‌സ് ഫെഡറേഷന്‍ കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി, ആന തൊഴിലാളിസംഘടന, ആന ഡെക്കറേഷന്‍ ഏജന്‍റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്തയോഗം തൃശൂരില്‍ ചേര്‍ന്ന് ഭാവി പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയത്.

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കുന്നതിനും തുടര്‍നടപടികള്‍ക്കുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അഡ്വ.അരുണ്‍കുമാര്‍ കണ്‍വീനറായി പതിനൊന്നംഗ കമ്മിറ്റിക്കും യോഗത്തില്‍ രൂപം നല്‍കിയതായും കേരള എലിഫന്‍റ് ഓണേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി ശശി പറഞ്ഞു. ആനയെ വിലക്കാന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും മെയ് പത്തിനകം നടപടികളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനും സംഘടനാ നേതാക്കള്‍ യോഗത്തില്‍ തീരുമാനമെടുത്തു.