“വെയിൽ ” എന്ന വസന്തബാലൻ ചിത്രത്തിലൂടെ തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയങ്ക നായർ . തമിഴിലും മലയാളത്തിലുമായി നിരവധി ഹിറ്റുകൾ തന്റെ പേരിലുള്ള പ്രിയങ്ക നായരുടെ വളരെ ശ്രേദ്ധേയമായ മലയാള ചലച്ചിത്രമായിരുന്നു “ജലം”. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ വിരളമാകുന്ന ഈ കാലഘട്ടത്തിൽ ജലത്തിലെ സേതുലക്ഷ്മിയെന്ന കഥാപാത്രം നിരവധി പരാമർശങ്ങൾ നേടിയിരുന്നു . മലയാളത്തിലെ മികച്ച സംവിധായക ഗണത്തിൽപെടുന്ന എം പദ്മകുമാർ സംവിധാനം ചെയ്ത ജലം നിരവധി ദേശീയ അന്തർദേശിയ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിരുന്നു . ഏരീസ് പ്രൊഡക്ഷനിൽ സോഹൻ റോയ് നിർമിച്ച “ജലം” സെപ്റ്റംബർ രണ്ടാം വാരം “കനൽ കണ്ണീർ ” എന്ന പേരിൽ തമിഴിൽ റിലീസിനായി ഒരുങ്ങുകയാണ് . എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിൽ , ഔസേപ്പച്ചൻ സംഗീതം നല്കi ഒരുങ്ങിയ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയാണ് .
മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത “വിലാപങ്ങൾക്കപ്പുറം “, ഭൂമി മലയാളം , ലീല എന്നീ സിനിമകൾ പോലെ തന്നെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജലത്തിലെ സേതുലക്ഷ്മിയെന്നു പ്രിയങ്കാ നായർ പറയുന്നു . രാജ ഗജിനി സംവിധാനം ചെയ്ത “ഉട്രൻ ” ആണ് പ്രിയങ്കയുടെ റിലീസാവാനുള്ള മറ്റൊരു തമിഴ് ചിത്രം ..ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ കോളേജ് ലക്ച്ചററുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത് .
തമിഴിലും മലയാളത്തിലും മികച്ച വേഷങ്ങളാണ് ചിത്രീകരണത്തിനായി തയ്യാറെടുക്കുന്ന ചിത്രങ്ങളിലെല്ലാം ലഭിച്ചതെന്നത് ഈ വര്ഷം നല്ല പ്രതീക്ഷകൾ നൽകുന്നുവെന്ന് പ്രിയങ്കാ നായർ പറയുന്നു .