പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നു; ബിജെപിയുടെ നുണകളിൽ നിർമ്മിച്ച രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

ലോകം മുഴുവൻ സഞ്ചരിച്ച് നേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ ജനങ്ങളെ ഒപ്പം നിർത്താൻ കഴിഞ്ഞില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബിജെപി കർഷകർക്കും സൈന്യത്തിനും എതിരെന്നും നുണകളിൽ നിർമ്മിച്ച രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഉത്തർ പ്രദേശിലെ അയോധ്യയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അയോധ്യയിൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഉയർത്തിയത്. ലോകം മുഴുവൻ കറങ്ങുന്ന മോദി സ്വന്തം മണ്ഡലമായ വാരണസിയിലെ എത്ര ഗ്രാമങ്ങൾ കണ്ടിട്ടുണ്ട് എന്ന് പ്രിയങ്ക ചോദിച്ചു. വാരാണസിയിൽ താൻ ജനങ്ങളോട് ഇക്കാര്യം ചോദിച്ചെന്നും എന്നാൽ മോദി ഗ്രാമങ്ങൾ സന്ദർശിച്ചിട്ടേ ഇല്ല എന്നാണ് ആളുകൾ പറഞ്ഞത് എന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപി കർഷകർക്കും സൈന്യത്തിനും എതിരെന്നും നുണകളിൽ നിർമ്മിച്ച രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയങ്ക ജനങ്ങളോട് ആവശ്യപ്പെട്ടു. ഫൈസാബാദ് മുതൽ അയോധ്യ വരെ 50 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോയിൽ വൻ ജനക്കൂട്ടമാണ് പ്രിയങ്കയെ കാത്തുനിന്നത്. കോൺഗ്രസിന്‍റെ മെഗാറാലിയിൽ പങ്കെടുക്കും മുൻപ് പ്രിയങ്ക ഹനുമാൻ ഗഢി ക്ഷേത്രത്തിലും സന്ദർശനം നടത്തിയിരുന്നു. മിഷൻ 30 ലക്ഷ്യമിട്ട് ബൂത്ത് പ്രവർത്തകരുമായി സംസാരിച്ചും ജനസമ്പർക്ക പരിപാടികൾ നടത്തിയും റാലികളിൽ സജീവമായും പ്രിയങ്ക ഗാന്ധി കളം നിറഞ്ഞ് നിൽക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകിയതും പ്രവർത്തകരിൽ ആവേശം പകർന്നിട്ടുണ്ട്.

ലോകം മുഴുവന്‍ സഞ്ചരിച്ച് ഓരോ രാജ്യതലവന്മാരെയും ആലിംഗനം ചെയ്യുകയായിരുന്ന മോദി സ്വന്തം ജനങ്ങളെ നെഞ്ചോടു ചേർക്കാൻ മറന്നെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരണാസി മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു.

‘പ്രധാനമന്ത്രി അമേരിക്കയും, ജപ്പാനും, ചൈനയും സന്ദര്‍ശിച്ച് അവിടുത്തെ ആളുകളെ കെട്ടിപ്പിടിച്ചിട്ടുണ്ട്. അദ്ദേഹം ഈ ലോകം മുഴുവന്‍ സന്ദര്‍ശിച്ച് എല്ലാവരേയും കെട്ടിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം ജനങ്ങളെ അദ്ദേഹം ആലിംഗനം ചെയ്തിട്ടില്ല’- അയോധ്യയില്‍ നടന്ന റാലിക്കിടെ പ്രിയങ്ക പറഞ്ഞു.

‘വാരണാസിയിലെ ഗ്രാമങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നോ എന്ന് ആളുകളോട് ഞാന്‍ അന്വേഷിച്ചു. ഇല്ലെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. ഞാന്‍ അത്ഭുതപ്പെട്ടു പോയി, കാരണം അദ്ദേഹം സ്വന്തം മണ്ഡലത്തിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന തെറ്റിദ്ധാരണ പരത്തുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കും വിധം പബ്ലിസിറ്റിയിലൂടെ സ്വയം സൃഷ്ടിച്ച ജനപ്രീതി അത്ര വലുതാണ്’- പ്രിയങ്ക പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധവും കര്‍ഷകവിരുദ്ധമായ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും പണക്കാരുടെ കാവല്‍ക്കാരനാണ് മോദിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ‘ഈ സര്‍ക്കാര്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ ലോണുകള്‍ എഴുതിത്തള്ളി. ബി.ജെ.പി സര്‍ക്കാര്‍ ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണ്. നമ്മുടെ കര്‍ഷകര്‍ കടത്തില്‍ മുങ്ങുകയാണ്. എന്നാല്‍ കേന്ദ്രം പാവപ്പെട്ടവര്‍ക്കു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല’- പ്രിയങ്ക പറയുന്നു.

യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണ് ബി.ജെ.പിയെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു ജനാധിപത്യത്തില്‍ നിങ്ങള്‍ ജനങ്ങളെ കേള്‍ക്കണം. എന്നാല്‍ ബി.ജെ.പിക്ക് നിങ്ങളുടെ ശബ്ദം കേള്‍ക്കേണ്ട. അവര്‍ക്ക് സത്യത്തെ നേരിടേണ്ടി വരുമെന്ന ഭയമാണ്. സത്യത്തെ മൂടി വെയ്ക്കാനും കവച്ചു വെയ്ക്കാനും സാധിക്കില്ല. സര്‍ക്കാറിന് നിങ്ങളുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്തണം എന്നും പ്രിയങ്ക പറഞ്ഞു.

Comments (0)
Add Comment