പ്രിയങ്കാ ഗാന്ധിയുടെ വാട്സ് ആപ്പ് ചോർത്തിയതായി കോണ്‍ഗ്രസ്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വാട്സ് ആപ്പ് ചോർത്തിയെന്ന് കോൺഗ്രസ്‌. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാട്സ്‌ ആപ്പിൽ നിന്ന് ലഭിച്ചതായും കോൺഗ്രസ്‌ വ്യക്തമാക്കി. ചാര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.ജെ.പി സർക്കാർ മൗനം തുടരുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജെവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടേതുള്‍പ്പെടെ നിരവധി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എസ്.ഒ എന്ന സൈബ‍ർ ഇന്‍റലിജൻസ് സ്ഥാപനം നിർമ്മിച്ച പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നിരവധി പേരുടെ വാട്‍സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയത്. ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള സൈബ‍‌ർ ആക്രമണത്തിന് മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും അഭിഭാഷകരും ഉള്‍പ്പെടെയുള്ളവർ ഇരകളായി. പെഗാസസ് ആക്രമണത്തിന് വിധേയമായ ഫോണിന്‍റെ ക്യാമറ,  മൈക്രോഫോണ്‍ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറാണ് പെഗാസസ്.

20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്‍സ് ആപ്പ് വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്‍സ് ആപ്പ് യു.എസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ പുറത്തുവന്നത്. 2019 മെയ് വരെ ഇന്ത്യന്‍ യൂസര്‍മാരെയും ചാരന്മാര്‍ നിരീക്ഷിച്ചിരുന്നെന്ന് വാട്‍സ് ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലി കമ്പനിക്കെതിരെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോടതിയില്‍ വാട്‍സ് ആപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Comments (0)
Add Comment