കോഴിക്കോട് ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി ടൂറിസ്റ്റ് ബസുകളെ ഒഴിവാക്കി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതി. അതേ സമയം ആർ ടി ഒ യുടെ അനുമതിയോടെയാണ് സർവീസ് നടത്തുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ വ്യക്തമാക്കി.
ടൂറിസ്റ്റ് ബസുകളെ നോക്കുകുത്തികളാക്കി സ്വകാര്യ ബസുകൾ സർവീസുകൾ കയ്യടക്കുന്നതായാണ് ടൂറിസ്റ്റ് ബസുടമകൾ ആരോപിക്കുന്നത്. നികുതിയിനത്തിലും അറ്റകുറ്റപ്പണികൾക്കുമായി വൻ തുക ചെലവാകുമെന്നിരിക്കെ സീസണിൽ മാത്രം ലഭിക്കുന്ന പരിപാടികൾ നിയമാനുസൃത അനുമതി പോലുമില്ലാതെയാണ് സ്വകാര്യ ബസുകൾ തട്ടിയെടുക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം, വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി വൻ തുകയാണ് ടൂറിസ്റ്റ് ബസുടമകൾ ആവശ്യപ്പെടുന്നതെന്നും സാധാരണക്കാർ തങ്ങളെ സമീപിക്കുമ്പോൾ ആർടിഒയുടെ അനുമതിയോടെയാണ് സർവ്വീസ് നടത്താറുള്ളതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. വ്യക്തമാക്കുന്നു.
മാസത്തിൽ ഒരു തവണ മാത്രമാണ് ഇത്തരം സർവ്വീസുകൾ നടത്താറുള്ളത്. ഇത് ടൂറിസ്റ്റ് ബസുടമകൾക്ക് നഷ്ടം ഉണ്ടാവാത്ത രീതിയിലാണെന്നും, ടൂറിസ്റ്റ് ബസുടമകൾ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നു.