അരിക്കും ഗോതമ്പിനും വില കൂടും; പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 5% വരെ വില വർധിക്കും

തിരുവനന്തപുരം: രാജ്യത്ത് അരിയും ഗോതമ്പും ഉൾപ്പെടെയുള്ള അടിസ്ഥാന ഭക്ഷ്യധാന്യങ്ങൾക്ക് നാളെമുതൽ അഞ്ച് ശതമാനം വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതോടെയാണ് വിലവർധിക്കുന്നത്. അരി ഉള്‍പ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കാണ് വിലവര്‍ധനവ് ബാധകമാകുകയെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, തേന്‍, തൈര്, മോര്, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തില്‍ വില വർധിക്കുന്നത്. ചില്ലറയായി തൂക്കി വില്‍ക്കുന്ന അരിക്ക് വിലവര്‍ധന ബാധകമാകില്ല. തൈര്, മോര്, സംഭാരം എന്നിവയുടെ അരലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ വീതം വര്‍ധിക്കുമെന്ന് മില്‍മ അറിയിച്ചു. പാൽ, തൈര്, ലെസി ഉൽപന്നങ്ങൾക്ക് 5% വില കൂടും. തൈര്, കട്ടിമോര് എന്നിവയ്ക്ക് അര ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി. 29 രൂപയുണ്ടായിരുന്ന ടോണ്‍ഡ് മില്‍ക്ക് തൈരിന് 32 രൂപയാണ് പുതിയ വില. 27 രൂപയുടെ സ്കിം മില്‍ക്ക് തൈരിന് 30 രൂപയാകും. മുപ്പതു രൂപയുണ്ടായിരുന്ന കട്ടിമോരിന് 33 രൂപയാകും. സംഭാരം ഒരു പായ്ക്കറ്റിന് പത്തു രൂപയായി തുടരും. പക്ഷേ അളവ് 250 മില്ലി ലിറ്ററിൽനിന്ന് 200 മില്ലി ലിറ്റർ ആയി കുറച്ചു. പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ അറിയിച്ചു.

നൂറ് രൂപ വിലയുള്ള ധാന്യവര്‍ഗങ്ങള്‍ക്ക് ഇനി അഞ്ച് രൂപ അധികം ടാക്‌സ് നല്‍കേണ്ടി വരും. തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും. അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വർധിക്കുക. പ്രീ–പാക്ക് ചെയ്ത മാംസം (ഫ്രോസൻ അല്ലാത്തത്), മീൻ, തേൻ, ശർക്കര, പനീർ, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും. നികുതി വർധനയ്ക്കനുസരിച്ച് പല ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിലയും കൂടിയേക്കും.

5 വർഷം മുമ്പ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പാക്കറ്റിലല്ലാത്ത കോഴിയിറച്ചിക്ക് പോലും നൽകേണ്ടതില്ലാത്ത നികുതിയാണ് അടിസ്ഥാന ഭക്ഷ്യധാന്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്. എന്നാൽ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങലും കേന്ദ്രത്തിന്‍റെ ഈ ചൂഷണത്തെ കുറിച്ച് മൗനം പാലിക്കുകയാണ്.

Comments (0)
Add Comment