പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയിലും അഴിമതി; ലാഭം കൊയ്യുന്നത് കോര്‍പറേറ്റുകള്‍

Jaihind Webdesk
Wednesday, November 7, 2018

പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതിയിലും അഴിമതി

എൻ.ഡി.എ സർക്കാർ ആരംഭിച്ച പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതി റഫാൽ കരാറിനേക്കാൾ വലിയ അഴിമതിയെന്ന് റിപ്പോർട്ട്. കർഷകരുടെ കണ്ണീരൊപ്പാനെന്ന പേരില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഈ പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കൾ നരേന്ദ്ര മോദിയുടെ കോർപറേറ്റ് സുഹൃത്തുക്കളായ റിലയൻസ്, എസ്സാർ തുടങ്ങിയവർ മാത്രമാണ്.

2016 ഫെബ്രുവരിയിൽ ബി.ജെ.പി സർക്കാർ കർഷകർക്ക് താങ്ങായി നാടാകെ കൊട്ടി ഘോഷിച്ച് നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജന. ചുരുക്കിപ്പറഞ്ഞാൽ കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതി. കുറഞ്ഞ പ്രീമിയം നിരക്കിൽ കൂടുതൽ ഇൻഷുറൻസ് പരിരക്ഷ എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. എന്നാൽ ഇതുസംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. അക്ഷരാർഥത്തിൽ റഫാൽ തട്ടിപ്പിനേക്കാൾ വലിയ അഴിമതി. ഈ പദ്ധതിയിൽ നിന്ന് ലാഭം കൊയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോർപറേറ്റ് സുഹുത്തുക്കളായ റിലയൻസ്, എസ്സാർ തുടങ്ങിയ കമ്പനികളാണെന്നത് തട്ടിപ്പിന്‍റെ ഉള്ളുകളികള്‍ വ്യക്തമാക്കുന്നു.

റഫാലിന് ശേഷമുള്ള വന്‍ അഴിമതിയെന്ന് രാഹുല്‍ ഗാന്ധി

റഫാലിന് ശേഷമുള്ള മറ്റൊരു വന്‍ അഴിമതിയാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വിള ഇന്‍ഷുറന്‍സിന് കര്‍ഷകര്‍ ഒടുക്കേണ്ട പ്രീമിയം വളരെ കൂടുതലാണെന്നും ലഭിക്കുന്ന നഷ്ടപരിഹാരം അതിലും തുച്ഛമാണെന്നും കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

കര്‍ഷകര്‍ കൊള്ളയടിക്കപ്പെടുകായാണെന്നും ‘കാവല്‍ക്കാരന്‍’ സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുക എന്ന തന്‍റെ ഉദ്ദേശ വ്യക്തമാക്കിക്കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്യൂട്ട് ബൂട്ട് ധാരികളായ സുഹൃത്തുക്കളുടെ അക്കൗണ്ടുകളില്‍ ആയിരക്കണക്കിന് കോടികള്‍ നിറക്കാനുള്ള തന്ത്രമാണ് പദ്ധതിക്ക് പിന്നിലെന്ന് രാഹുല്‍ വ്യക്തമാക്കി. റഫാലിന് പിന്നാലെ കര്‍ഷകരും കൊള്ളയടിക്കപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കബളിപ്പിക്കപ്പെടുന്നത് കര്‍ഷകര്‍; ഗുണഭോക്താക്കള്‍ മോദിയുടെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍

ഒരു രൂപ പോലും മുതൽ മുടക്കാതെ ഒരു ജില്ലയിൽ നിന്ന് മാത്രമായി അനിൽ അംബാനിയുടെ റിലയൻസ് നേടുന്ന ലാഭം കോടികളാണ്. ഉദാഹരണമായി പറഞ്ഞാൽ മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ നിന്ന് റിലയൻസ് നേടിയത് 143 കോടിയെന്നാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കാമായി കർഷകരുടെയും, കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും വിഹിതമായി റിലയൻസിലേക്ക് എത്തിയത് 173 കോടി രൂപയാണ്. കൃഷിനാശമുണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് ക്ലെയിമായി  റിലയൻസിന് നൽകേണ്ടി വന്നത് വെറും മുപ്പത് കോടി രൂപ മാത്രമാണ്. അര്‍ഹര്‍ക്ക് പോലും ഇന്‍ഷുറന്‍സ് പരിരക്ഷ മിക്കപ്പോഴും ലഭിക്കുന്നുമില്ല. പലകാരണങ്ങളാല്‍ ക്ലെയിമില്‍ നിന്ന് കര്‍ഷകര്‍ ഒഴിവാക്കപ്പെടുന്നുമുണ്ട്. ഇവിടെ ഒരു ജില്ലയില്‍നിന്ന് മാത്രം റിലയൻസിന്‍റെ നേട്ടം 143 കോടി രൂപ. കേവലം ഒരു ജില്ലയിലെ മാത്രം കണക്കാണിത് . ഇങ്ങനെ വിവിധ സംസ്ഥാനങ്ങൾ കൂടിച്ചേരുമ്പോൾ റിലയൻസിലേക്കെത്തുന്നത് കോടികളുടെ ഭീമമായ തുകയാണ്. ഇവിടെയും കര്‍ഷകരുടെ അധ്വാനത്തിന്‍റെയും ജീവന്‍റെയും  കണ്ണീരിന്‍റെയും വിയര്‍പ്പോഹരിയില്‍ നിന്ന് നേട്ടം കൊയ്യുന്നത് പ്രധാനമന്ത്രിയുടെ കോർപറേറ്റ് സുഹൃത്തുക്കളാണ്. നിരന്തരമായി കബളിപ്പിക്കപ്പെടുന്നത് കർഷകരും…

കര്‍ഷകദുരിതം കാണാതെ മോദി സര്‍ക്കാര്‍; ചുരുളഴിയുന്ന അഴിമതിക്കഥകള്‍…

കർഷകരുടെ ദുരിതങ്ങൾക്ക് താങ്ങാകും എന്ന് പറഞ്ഞ് അധികാരത്തിൽ ഏറിയ ബി.ജെ.പി സർക്കാർ തന്നെ കർഷകർക്ക് ദുരിതം സമ്മാനിക്കുകയാണ്. കർഷകരുടെ യഥാർഥ പ്രശ്ങ്ങൾ കണ്ടിട്ടും കാണാതെ നടിച്ച് കോർപറേറ്റുകൾക്ക് ലാഭം ഉണ്ടാക്കുന്ന തിരക്കിലാണ് മോദി സർക്കാർ. നിരന്തരമായി കർഷക പ്രക്ഷോഭങ്ങൾ നടന്നിട്ടും ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിക്കാതെ അനങ്ങാപ്പാറ നയം തുടരുകയാണ് കേന്ദ്രസർക്കാർ. റഫാൽ അഴിമതിയിൽ നിന്ന് മുഖം രക്ഷിക്കാൻ നരേന്ദ്ര മോദി സർക്കാർ പെടാപ്പാട് പെടുമ്പോൾ ഒന്നിനുപുറകേ ഒന്നായി അഴിമതിയുടെ ചുരുൾ അഴിയുകയാണ്.

https://www.youtube.com/watch?v=DeSrIN3Yoho