കത്തോലിക്ക സഭയിൽ മാറ്റത്തിന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഭാവി തലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേർത്ത് നിർത്താൻ സഭയുടെ നിലപാടുകൾ മാറണമെന്ന് മാർപാപ്പ പറഞ്ഞു. ലൈംഗിക ആരോപണങ്ങൾ ജനങ്ങളെ സഭയിൽ നിന്ന് അകറ്റുന്നതായി അദ്ദേഹം പറഞ്ഞു.
ലൈംഗിക-സാമ്പത്തിക ആരോപണങ്ങളെ അപലപിക്കാത്തതിൽ യുവാക്കൾ അസ്വസ്ഥരാണെന്നും മാർപാപ്പ പറഞ്ഞു. സഭക്കെതിരായി വരുന്ന പരാതികളിൽ സുതാര്യവും കൃത്യവുമായ പ്രതികരണം സഭക്കുള്ളിൽ നിന്ന് തന്നെ ഉണ്ടാകേണ്ടതുണ്ട്. നമ്മൾ സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റോണിയയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ വൈദികരുൾപ്പെട്ട ലൈംഗിക പീഡനക്കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ ഫ്രാൻസിസ് മാർപാപ്പ മുതിർന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചിരുന്നു. വത്തിക്കാനിൽ അടുത്ത വർഷം ഫെബ്രുവരി 21 മുതൽ 24 വരെയാണ് സമ്മേളനം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഒൻപത് കർദിനാൾമാർ ഉൾപെട്ട സംഘം കഴിഞ്ഞ കുറച്ച് ദിവസം വത്തിക്കാനിൽ നടത്തിയ പ്രത്യേക യോഗത്തിനു ശേഷമാണ് ബിഷപ്പുമാരുടെ സമ്മേളനം വിളിക്കണമെന്ന് മാർപാപ്പയോട് ആവശ്യപ്പെട്ടത്.അമേരിക്ക, ജർമനി ചിലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വൈദികർ ഉൾപ്പെട്ട പീഡനക്കേസുകൾ സഭയെ പ്രതിരോധത്തിലാക്കിയിരുന്നു്. ഈ സാഹചര്യത്തിലാണ് അടിയന്തര സമ്മേളനം വിളിച്ച് ചേർക്കാൻ മാർപാപ്പ തീരുമാനിച്ചത്.