
കണ്ണൂര്‍: മലയാളിയുടെ പ്രിയ നടന് ശ്രീനിവാസന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ജന്മനാടായ കണ്ണൂര്‍ കൂത്തുപറമ്പ് പാട്യം ഗ്രാമം വിങ്ങലടക്കാനാവാതെ തേങ്ങുകയാണ്. ശ്രീനിവാസന് എന്ന മഹാനടനെയും അദ്ദേഹത്തിന്റെ തനതായ ചിന്താഗതികളെയും രൂപപ്പെടുത്തിയത് കൂത്തുപറമ്പിലെ ആ ബാല്യകാലവും യൗവനവുമായിരുന്നു.
1956-ല്‍ കണ്ണൂരിലെ പാട്യം ഗ്രാമത്തിലായിരുന്നു ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് ഗവണ്മെന്റ് ഹൈസ്കൂളിലും മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കോളേജ് കാലഘട്ടത്തില്‍ കെ.എസ്.യു പാനലില്‍ മത്സരിച്ച് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്ന ശ്രീനിവാസന് അന്ന് തന്നെ നേതൃപാടവം തെളിയിച്ചിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നതുവരെ കൂത്തുപറമ്പ് പൂക്കോടെ വായനശാലകളിലും ഗ്രാമോത്സവങ്ങളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.
നാടകത്തോടായിരുന്നു ശ്രീനിവാസന് അന്ന് ഏറെ താല്പര്യമെന്ന് ബാല്യകാല സുഹൃത്ത് രമേഷ് ബാബു ഓര്‍മ്മിക്കുന്നു. പാട്യം കോങ്ങാറ്റയിലെ തറവാട് വീട്ടിലായിരുന്നു താമസം. ചുറ്റുപാടിലെ രാഷ്ട്രീയത്തെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ആ ശീലം തന്നെയാണ് പില്ക്കാലത്ത് അദ്ദേഹത്തിലെ എഴുത്തുകാരനെ വളര്‍ത്തിയത്. ‘സന്ദേശ’ത്തിലെ കോട്ടപ്പള്ളി പ്രഭാകരന് എന്ന കഥാപാത്രം മാത്രം മതി ശ്രീനിവാസന്റെ രാഷ്ട്രീയ നിരീക്ഷണത്തിന്റെ ആഴം മനസ്സിലാക്കാന്‍.
കൊച്ചിയിലായിരുന്നു സ്ഥിരതാമസമെങ്കിലും ജന്മനാടുമായുള്ള ബന്ധം അദ്ദേഹം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളും പരിസ്ഥിതി-ജൈവകൃഷി കാഴ്ചപ്പാടുകളും മറ്റുള്ളവരുടെ അനിഷ്ടം നോക്കാതെ തുറന്നുപറയാന്‍ അദ്ദേഹം മടി കാണിച്ചില്ല. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ സിനിമകളിലൂടെയും പൊതുവേദികളിലൂടെയും അദ്ദേഹം വിളിച്ച് പറഞ്ഞു.
ശ്രീനിവാസന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് പാട്യത്തെ തറവാട്ട് വീട്ടിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ ആ വലിയ മനുഷ്യന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് കൂത്തുപറമ്പ് എന്ന പ്രിയപ്പെട്ട നാട്.