എസ്.ബി.ഐ ആക്രമണത്തിന്‍റെ സൂത്രധാരനെ തൊടാതെ പൊലീസ്

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം സ്റ്റാച്യുവിലെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ സൂത്രധാരനെ  സംരക്ഷിച്ച് പൊലീസ് . 15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന മാനേജരുടെ പരാതിയും കുറ്റവാളികളുടെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുള്ള കേസിൽ ഇതുവരെ അറസ്റ്റിലായത് രണ്ട് പേര്‍ മാത്രമാണ്. അക്രമ സംഘത്തിലുണ്ടായിരുന്ന അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്.  അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

എന്നാല്‍  പ്രധാന പ്രതികളായ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗത്തേയും ജില്ലാ കമ്മിറ്റി അംഗത്തെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമണത്തിന് നേതൃത്വം നൽകിയ NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യനികുതി കമ്മീഷണര്‍ ഓഫീസിലെ ഇൻസ്പക്ടറുമായ സുരേഷ് ബാബുവിനെയും ജിഎസ്ടി വിഭാഗം ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഇൻസ്പെക്ടറായ സുരേഷിനെയും പൊലീസ് ഇതുവരെയും പിടികൂടിയില്ല.

എൻ.ജി.ഒ യൂണിയന്‍റെ സംസ്ഥാന നേതാവായ സുരേഷ് ബാബുവിനെ മേലുദ്യോഗസ്ഥർക്ക് പോലും പേടിയാണെന്നാണ് കേള്‍ക്കുന്നത്. ഓഫീസില്‍ എത്തി പഞ്ച് ചെയ്തതിനു ശേഷം പാർട്ടി പരിപാടികള്‍ക്കായി പോകുകയാണ് സുരേഷ് ബാബുവിന്‍റെ രീതിയെന്നും ജീവനക്കാരുടെയും മറ്റും സ്ഥലം മാറ്റം തീരുമാനിക്കുന്നത് പോലും ഇയാളാണെന്നുമാണ് സംസാരം. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുടെ പട്ടിക ഉണ്ടാക്കി അവരെ വ്യക്തിപരമായി കണ്ട് ഭീഷണിപ്പെടുത്തി എന്ന സംഭവത്തിലും ഇയാൾക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥര്‍ പോലും ഭയപ്പെടുന്നു എന്നാണ് ആരോപണം.

ഇന്നലെയാണ് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം ഉണ്ടായത്. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംയുക്ത സമര സമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാൽ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാർ. എന്നാൽ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി.

തുടർന്ന് മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്ന് ബാങ്ക് മാനേജർ വ്യക്തമാക്കി.   പൊതു ഇടപാടുകളില്ലെന്ന് മാനേജർ വിശദീകരിച്ചെങ്കിലും അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മാനേജര്‍ പറഞ്ഞു. എ.ആർ. ക്യാമ്പിലെ പൊലീസ് സമര സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമം നടക്കുമ്പോള്‍ ബാങ്കിലേക്ക് എത്തിയില്ല.

 

Comments (0)
Add Comment