ശബരിമലയില്‍ ആറു മണിക്കൂർ മാത്രം ; പൊലീസിന്‍റെ പുതിയ നിയന്ത്രണം പ്രതിഷേധം കടുപ്പിക്കും

Jaihind Webdesk
Tuesday, November 20, 2018

Sabarimala-Police-6hr-Notice

ശബരിമലയില്‍ ആറു മണിക്കൂർ ചിലവഴിക്കൽ കർശനമാക്കാൻ പൊലീസിന്‍റെ നീക്കം; പുതിയ നിയന്ത്രണം പ്രതിഷേധത്തെ കടുപ്പിക്കും

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധം പുകയുന്നതിനിടെ അവിടെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ് നീക്കമാരംഭിച്ചു. നിലവിലെ പ്രതിഷേധങ്ങളെ വകവെയ്ക്കാതെയാണ് പൊലീസിന്‍റെ നീക്കം. ദർശനത്തിനെത്തുന്ന ഭക്തരുടെ പക്കൽ നിന്നും നിർദ്ദേശങ്ങൾ ഒപ്പിട്ടു വാങ്ങാനാണ് തീരുമാനം. ഉച്ചയോടെ ഇത് നടപ്പാക്കി തുടങ്ങിയതായും സ്ഥിരീകരണമുണ്ട്. കടുത്ത നിർദ്ദേശങ്ങളാണ് ഭക്തർക്കായി പൊലീസ് പുറത്തിറക്കിയിട്ടുള്ളത്. നിലയ്ക്കലിൽ നിന്നും പോകുന്നവർ ആറു മണിക്കൂറിനുള്ളില്‍ ദർശനം പൂർത്തിയാക്കി അവിടെ തിരിച്ചെത്തണമെന്നതാണ് ഇതിൽ പ്രധാനം.

അതിനു പുറമേ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സന്നിധാനത്തോ മറ്റെവിടെയെങ്കിലുമോ നടക്കുന്ന പ്രതിഷേധസമരങ്ങളിൽ പങ്കെടുക്കരുതെന്നുമാണ് പൊലീസിന്‍റെ നിർദ്ദേശങ്ങൾ.

ദർശനത്തിനെത്തുന്നവരുടെ തിരിച്ചറിയൽ രേഖ കർശനമായി വാങ്ങി സൂക്ഷിക്കുകയും ചെയ്യുകയാണ്. മുമ്പ് അറസ്റ്റിന് ശേഷം തിരിച്ച് ശബരിമല ദർശനം നടത്താനെത്തിയ കെ.പി ശശികലയ്ക്ക് നൽകിയ അതേ നിർദ്ദേശങ്ങളാണ് ഇപ്പോൾ മറ്റ് ഭക്തർക്ക് വേണ്ടിയും പൊലീസ് പുറത്തിറക്കിയിട്ടുള്ളത്.

നിലവിൽ നെയ്യഭിഷേകം അടക്കമുള്ള ആചാരങ്ങൾ പാലിക്കാൻ ഭക്തർക്ക് അതീവ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. രാത്രികാലത്ത് ഭക്തരെ സന്നിധാനത്ത് തങ്ങാൻ പൊലീസ് അനുവദിക്കാതായതോടെയാണ് ഭക്തർക്ക് നെയ്യഭിഷേകത്തിന് വേണ്ടത്ര സമയം ലഭിക്കാത്തത്. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലില്‍ നിന്നും കടത്തി വിടാത്തതും ഭക്തരെ വലയ്ക്കുന്നുണ്ട്.

കെ.എസ്.ആർ.ടി.സി ബസ് വഴി മാത്രമാണ് ഭക്തരെ പമ്പയിലെത്തിച്ച് തിരികെ കൊണ്ടുവരുന്നത്. ഇതുകൊണ്ട് തന്നെ പ്രായമേറിയ തീർത്ഥാടകർക്ക് കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നത്. മലകയറി സന്നിധാനത്തെത്താൻ വയോധികരായ തീർത്ഥാടകർ കൂടുതൽ സമയമെടുക്കുന്നുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ പൊലീസ് കർക്കശമാക്കിയാൽ ഇവരുടെ ദർശനം മുടങ്ങിയേക്കാനുള്ള അവസ്ഥയും സംജാതമാകും. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് ഉടലെടുത്ത പ്രശ്‌നങ്ങൾ സന്നിധാനത്തടക്കം പ്രതിഷേധങ്ങൾക്ക് വേദിയൊരുക്കിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടക പ്രവാഹത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.

മുംബൈയിൽ നിന്നും ബസിലെത്തിയ നൂറിലേറെ പേര്‍ അടങ്ങുന്ന ഒരു സംഘം തീർത്ഥാടകർ പൊലീസ് നിയന്ത്രണങ്ങളും പ്രതിഷേധ സമരങ്ങളും ഭയന്ന് മടങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആർ.എസ്.എസ്- ബി.ജെ.പി- സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം ഭയന്നാണ് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെങ്കിലും ഇത് സാധാരണക്കാരായ ഭക്തരെയാണ് കാര്യമായി ബാധിച്ചിട്ടുള്ളത്.

ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ള പൊലീസിന്‍റെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചിരുന്നു. കരിനിയമങ്ങൾ തുടർന്നാൽ ഇനിയും നിരോധനാജ്ഞ ലംഘിക്കുമെന്നും അവിടെ പ്രഖ്യാപിച്ചിട്ടുള്ള 144 പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കനത്ത പ്രക്ഷോഭം തുടങ്ങുമെന്നും യു.ഡി.എഫ് സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.