ലക്ഷദ്വീപ് : ഐഷ സുല്‍ത്താനയെ മൂന്നാം തവണയും ചോദ്യം ചെയ്തു ; ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു

ലക്ഷദ്വീപ് സമരവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസില്‍ യുവ സംവിധായക ഐഷ സുല്‍ത്താനയെ മൂന്നാം തവണയും കവരത്തി പോലീസ് ചോദ്യം ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ ഐഷ സുല്‍ത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ചാണ് കവരത്തി പോലീസ് ഇവരെ ചോദ്യം ചെയ്തത്.

ഉച്ചക്ക് 2.45 ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഐഷയുടെ കാക്കനാട്ടുള്ള ഫ്‌ളാറ്റില്‍ എത്തിയത്. അഞ്ച് മണിവരെ ചോദ്യം ചെയ്യലും പരിശോധനയും തുടര്‍ന്നു. തന്നെ ബുദ്ധിമുട്ടിക്കല്‍ മാത്രമാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. തന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത പൊലീസ് സഹോദരന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. സഹോദരൻ്റെ ബാങ്ക് ഇടപാടുകളും പരിശോധിച്ചു. ഇനിയും ചോദ്യം ചെയ്യലുണ്ടാവുമെന്നും ഐഷ വ്യക്തമാക്കി.

ഐഷയുടെ സാമ്പത്തിക സ്രോതസില്‍ സംശയങ്ങളുണ്ടെന്ന് കവരത്തി പൊലീസ് അറിയിച്ചു.ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാന്‍ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയില്‍ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ രണ്ട് തവണ ഐഷയെ കവരത്തി പോലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Comments (0)
Add Comment