കെ.കെ രമയുടെ പരാതിയില്‍ കേസെടുക്കാതെ പോലീസ്; സർക്കാരിന്‍റെ ഇരട്ട നീതിക്കെതിരെ പ്രതിഷേധം

 

തിരുവനന്തപുരം: കെ.കെ രമയുടെ പരാതിയില്‍ പ്രത്യേക കേസെടുക്കാതെ പോലീസ്. സനീഷ് കുമാറിന്‍റെ പരാതിയെ തുടർന്ന് എടുത്ത കേസിനൊപ്പം ഇതും ഉൾപ്പെടുത്തി അന്വേഷിക്കാനാണ് നീക്കം. ഇതോടെ ഭരണകക്ഷി എംഎൽഎമാർക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ള നിസാര വകുപ്പുകളിൽ തന്നെ കേസ് ഒതുങ്ങാനാണ് സാധ്യത.

വാദിയെ പ്രതിയാക്കി സർക്കാർ കേസ് അട്ടിമറിക്കുന്നു എന്ന പരാതിക്കിടയിലാണ് പോലീസിന്‍റെ പുതിയ നീക്കം. കെ.കെ രമ നൽകിയ പരാതിയില്‍ പ്രത്യേക കേസെടുക്കാതെ സനീഷ് കുമാറിന്‍റെ പരാതിയെ തുടർന്ന് എടുത്ത കേസിനൊപ്പം ഇതും ഉൾപ്പെടുത്തി അന്വേഷിക്കാനാണ് പോലീസ് നീക്കം. ഇതോടെ ഭരണകക്ഷി എംഎൽഎമാർക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ള നിസാര വകുപ്പുകളിൽ തന്നെ കേസൊതുങ്ങുവാനുള്ള സാധ്യതയും തെളിഞ്ഞു. ഇതിനുള്ള ആസൂത്രിത നീക്കമായാണ് കെ.കെ രമയുടെ പരാതിയിൽ പോലീസ് പ്രത്യേക കേസെടുക്കാതെ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും ഇനി കേസ് അന്വേഷിക്കുക.

ഭരണകക്ഷി എംഎൽഎമാർക്കെതിരെ നിസാര വകുപ്പും മർദ്ദനമേറ്റ എംഎൽഎമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസും എടുത്തത് വലിയ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുമ്പോഴും സർക്കാരും പോലീസും പക്ഷപാതപരമായ സമീപനം തുടരുകയാണ്. സർക്കാരിന്‍റെ ഇരട്ട നീതിക്കെതിരെ വരും ദിവസങ്ങളില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും.

Comments (0)
Add Comment