കോൺഗ്രസ് പ്രവർത്തകനെ ചവിട്ടിയ സിപിഒ ക്കെതിരെ മുന്‍പും നിരവധി കേസുകള്‍ : എസിപി യുടെ കോളറില്‍ പിടിച്ചതിന് സസ്പെന്‍ഷനിലായിരുന്നു

തിരുവനന്തപുരം: സില്‍വലൈന്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ വിവാദത്തിലായ സിപിഒ ഷബീറിനെതിരെ  മുമ്പും നിരവധി കേസുകള്‍. കഴക്കൂട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശിയായ എം. ഷബീര്‍ മുമ്പ് സമാനമായ നിരവധി വിഷയങ്ങളില്‍ സസ്പെന്‍ഷനിലായ ആളാണ്. അസിസ്റ്റന്‍റ് കമ്മീഷണറുടെ കോളറില്‍ പിടിച്ചതടക്കം ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്.

2019 ല്‍ മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ഷബീറിനെ കഴക്കൂട്ടം പോലീസ് 2019 ജൂണ്‍ ഏഴിന് കസ്റ്റഡിയിലെടുത്തിരുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷനിലെത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്ന അസിസ്റ്റന്‍റ് കമ്മീഷണറുടെ കോളറില്‍ പിടിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വകുപ്പുതല നടപടി നേരിട്ടിരുന്നു. ഇതിന്‍റെ പേരില്‍ സസ്പെന്‍ഷന്‍ കിട്ടി തിരികെ സര്‍വീസില്‍ കയറിയിട്ട് അധിക നാളായിട്ടില്ല.

2011ല്‍ കേബിള്‍ കണക്ഷന്‍റെ വാടക ചോദിച്ചെത്തിയ ആളെ ആക്രമിച്ച വിഷയത്തിലും ഷബീറിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുമ്പ പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച കേസുണ്ട്. ഇതേവര്‍ഷം തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മറ്റൊരാളെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അഭിഭാഷകനെ മര്‍ദ്ദിച്ച കേസും ഇയാള്‍ക്കെതിരെ ഉണ്ട്. ഇങ്ങനെ തുടര്‍ച്ചയായി അഞ്ച് സസ്പെന്‍ഷന്‍ വാങ്ങിയ ഷബീറാണ് ഇന്നലെ സില്‍വര്‍ലൈന്‍ വിഷയത്തില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ വിഷയത്തില്‍ വീണ്ടും വിവാദത്തിലായത്.

ഇപ്പോള്‍ മംഗലപുരം പോലീസ് സ്റ്റേഷനിലാണ് ഷബീര്‍ ജോലി ചെയ്യുന്നത്. സമരക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഷയത്തില്‍ ഷബീറിനെതിരെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ വിഷയത്തിലും സസ്പെന്‍ഷന്‍ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.

 

Comments (0)
Add Comment