രാജ്യത്ത് കര്‍ഷക വായ്പ എഴുതിത്തള്ളുന്നത് വരെ പ്രധാനമന്ത്രിയെ സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

Tuesday, December 18, 2018

Rahul-Gandhi

രാജ്യത്ത് കര്‍ഷക വായ്പ എഴുതിത്തള്ളുന്നത് വരെ  പ്രധാനമന്ത്രിയെ സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ വാഗ്ദാനം ചെയ്തതു പോലെ, അധികാരമേറ്റ് 2 മണിക്കൂറിനുള്ളില്‍ തന്നെ കര്‍ഷക വായ്പ എഴുതിത്തള്ളുകയും കര്‍ഷകരുടെ പെണ്‍മക്കളുടെ വിവാഹത്തിനായി 51000 രൂപ പ്രഖ്യാപിക്കുകയും ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രധാനമന്ത്രിയ്ക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

“പറഞ്ഞ വാക്ക് പാലിച്ചു, അത് പ്രാവര്‍ത്തികമാക്കി. പ്രധാനമന്ത്രി ഇത് കണ്ട് പഠിക്കേണ്ടതാണ്. രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുടെ വായ്പ അദ്ദേഹം എഴുതിത്തള്ളുന്നത് വരെ അദ്ദേഹത്തെ സ്വസ്ഥമായി ഉറങ്ങാന്‍ നമ്മള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണം.” രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമാക്കുന്നതില്‍ പങ്കുവഹിച്ച തന്‍റെ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചും നന്ദിപറഞ്ഞുകൊണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തിരുന്നു.

ശക്തമായൊരു ടീമിന് അസാധാരണമായ ഫലം പുറത്തുകൊണ്ടുവരാനാകുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എഐസിസി ടീമിനും ജനറല്‍ സെക്രട്ടറിമാര്‍ക്കും, സെക്രട്ടറിമാര്‍ക്കും വിജയത്തിന് പിന്നില്‍ അക്ഷീണം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.