ദരിദ്രര്‍ക്കായി ഒരു സഹായവും പ്രഖ്യാപിച്ചില്ല; മോദിയുടെ പ്രഖ്യാപനം പൊള്ളയാണെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, April 14, 2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പൊള്ളയാണെന്ന് കോണ്‍ഗ്രസ്. ദരിദ്രര്‍ക്കുള്ള ഒരു സഹായവും പ്രഖ്യാപിക്കാതെയാണ് ലോക്ഡൗണ്‍ നീട്ടിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശമുണ്ടായില്ല. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും കൃത്യമായ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച്‌ പി.ചിദംബരം എം.പിയും രംഗത്തെത്തി. ലോക്ഡൗണ്‍ നീട്ടുന്നുവെന്ന പ്രഖ്യാപനത്തിനപ്പുറം പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പുതുതായി എന്താണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ സാധാരണക്കാര്‍ ഇപ്പോഴും ദുരിതത്തിലാണ്. ലോക്ഡൗണ്‍ നീട്ടു മ്പോഴും അവരുടെ ഉപജീവനമാര്‍ഗത്തേയും നിലനില്‍പ്പിനെയുമൊന്നും സര്‍ക്കാര്‍ ഇപ്പോഴും പരിഗണിക്കുന്നില്ല. മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ട പണത്തെക്കുറിച്ച് ഇതുവരെ ഒരു പ്രതികരണവുമുണ്ടായിട്ടില്ല. സാധാരണക്കാര്‍ ഇനി 19 ദിവസത്തോളം ഭക്ഷണമുള്‍പ്പടെ സ്വയം കണ്ടത്തേണ്ടിയിരിക്കുന്നു. പണമോ ഭക്ഷണമോ സര്‍ക്കാര്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. രാജ്യം കേഴുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ രാജ്യത്ത് മെയ് 3 വരെ ലോക്ഡൗണ്‍ നീട്ടി. നിയന്ത്രണം കര്‍ശനമായി തുടരുമെന്നും എല്ലാവരും സഹകരിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളില്‍ അതീവജാഗ്രത തുടരും. അവശ്യസേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കും. സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും.