പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികള്‍

Jaihind Webdesk
Tuesday, January 15, 2019

Narendra-Modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ഇന്ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിക്കും.

ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. തുടർന്ന് 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ശേഷം 5.30ന് കൊല്ലം കന്‍റോൺമെൻറ് ഗ്രൗണ്ടിൽ നടക്കുന്ന ബിജെപി യുടെ കേരളത്തിലെ ലോക്സഭാ തെരെഞ്ഞുടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പൊതുപരിപാടിയിൽ പങ്കെടുക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഏഴുമണിക്ക് തിരുവനന്തപുരത്ത് തിരികെ എത്തും.

തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം രാത്രി 7.15 ന് നിർവഹിച്ചശേഷം ക്ഷേത്രദർശനം നടത്തും. രാത്രി എട്ടുമണിക്ക് അദ്ദേഹം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.