എസ്എഫ്ഐ ആക്രമണം ആസൂത്രിതം; അക്രമത്തെ ശക്തമായി അപലപിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Friday, June 24, 2022

 

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ് എഫ് ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള നിരന്തരമായ പ്രവർത്തനത്തിൽ വ്യാപൃതനായ രാഹുലിനെ സംഘപരിവാർ അധികാരത്തിന്‍റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ ഇത് വ്യക്തമാക്കിത്തരുന്നുണ്ട്.

കേരളത്തിൽ സംഘപരിവാറിന്‍റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അതിലേറ്റവും ഗൗരവമുള്ളതും അവസാനത്തേതുമാണ് എസ്എഫ്ഐക്കാരെ ഉപയോഗിച്ച്  രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത്. എസ്എഫ്ഐ സമരം ആസൂത്രിതമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിന്‍റെ ഈ പ്രവർത്തനം കേരളത്തിന്‍റെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് തീർച്ചയാണ്. അക്രമത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.