പ്രളയ ഫണ്ട് സമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ യു.എ.ഇ യാത്ര സമ്പൂര്‍ണ പരാജയം. പി.ടി തോമസ് എം.എല്‍.എയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ ഫലമായി ലഭിച്ച തുക എത്രയാണെന്ന ചോദ്യത്തിന് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് രേഖാമൂലമുള്ള മറുപടി.
2018 ഒക്ടോബറിലാണ് കേരള പുനർനിർമാണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇ സന്ദര്‍ശിച്ചത്. പിന്നാലെ വലിയ തോതിലുള്ള സഹായം ലഭിച്ചു എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദർശനത്തിലൂടെ ഒരു രൂപ പോലും യു.എ.ഇയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന വസ്തുതയാണ് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്കിയ മറുപടിയിലൂടെ വ്യക്തമാകുന്നത്.
ഫെബ്രുവരി മൂന്നിന് ചേർന്ന നിയമസഭാസമ്മേളനത്തില്‍ പി.ടി തോമസ് എം.എല്‍.എയാണ് പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 98 ലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സന്ദർശിച്ച വിദേശ രാജ്യങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തിന് യു.എ.ഇ എന്നാണ് മറുപടി. ഓരോ രാജ്യത്ത് നിന്നും എത്ര രൂപ ധനസഹായം ലഭിച്ചു എന്ന ചോദ്യത്തിന് ‘യു.എ.ഇയില്‍ നിന്ന് ധനസഹായം ഒന്നും ലഭിച്ചിട്ടില്ല’ എന്നും വ്യക്തമാക്കുന്നു. അതേസമയം ക്രൗഡ് ഫണ്ടിംഗിലൂടെയാണ് 81,01,204 രൂപ ലഭിച്ചതെന്നും ഒരു ചോദ്യത്തിന് നല്കിയ മറുപടിയിലുണ്ട്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിട്ടുമില്ല. ഇതോടെ കൊട്ടിഘോഷിച്ച് നടത്തിയ യു.എ.ഇ യാത്ര എന്തിനായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.