പിണറായിക്ക് മധുര വരെ പോകാന്‍ ചെലവ് 7.60 ലക്ഷം; മുഖ്യമന്ത്രിയുടെ ആകാശ ധൂര്‍ത്ത് തുടരുന്നു

Jaihind Webdesk
Tuesday, January 22, 2019

തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ടവര്‍ക്ക് 10000 രൂപ ആശ്വാസധനം പോലും കൃത്യമായി കൊടുക്കാനാകാതെ നട്ടംതിരിയുമ്പോഴും മുഖ്യമന്ത്രിയുടെ യാത്ര ലക്ഷങ്ങള്‍ പൊടിച്ച്. നവംബര്‍ ആറിന് മുഖ്യമന്ത്രി മധുരയില്‍ പോയതിന് ചെലവാക്കിയത് 7.60ലക്ഷം രൂപ. ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷിനില്‍ പങ്കെടുക്കുന്നതിനായിരുന്നു ആ യാത്ര. പ്രത്യേകവിമാനത്തിലായിരുന്ന മുഖ്യമന്ത്രിയുടെ യാത്ര. ബംഗളൂരുവിലെ ടി.എ. ജെറ്റ്‌സ് എന്ന സ്വകാര്യ കമ്പനിക്കാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഇതിനുചെലവായ തുക കഴിഞ്ഞദിവസമാണ് പൊതുഭരണവകുപ്പ് നല്‍കിയത്.

പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് മുമ്പ് വിവാദമായിരുന്നു. ഓഖി ബാധിത പ്രദേശത്തെ നഷ്ടങ്ങള്‍ വിലയിരുത്താനായിരുന്നു അന്നത്തെ ആകാശധൂര്‍ത്ത്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇടപെട്ടായിരുന്നു ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.

അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള എട്ടുലക്ഷം രൂപ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവിട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. യാത്ര വിവാദമായതോടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് പറഞ്ഞാണ് വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടത്.