പാര്‍ട്ടിയുടെ നട്ടെല്ല് പണയംവച്ച് ഇടതുമുന്നണിയില്‍ തുടരണമോ? പിണറായി അവഹേളിച്ചത് ചാഴിക്കാടനെയല്ല കേരള കോണ്‍ഗ്രസിനെ; മാണിവിഭാഗത്തിന് പ്രതിഷേധം

Jaihind Webdesk
Wednesday, December 13, 2023

നവകേരളസദസിന്റെ വേദിയില്‍ തോമസ് ചാഴിക്കാടനെ വിമര്‍ശിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ അമര്‍ഷമുണ്ടായിട്ടും പുറത്ത് പ്രകടിപ്പിക്കാനാകാതെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. തോമസ് ചാഴിക്കാടനെയല്ല പാര്‍ട്ടിയെയാണ് പിണറായി പരസ്യമായി അപമാനിച്ചതെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. കോട്ടയത്ത് മാണിവിഭാഗത്തിന്റെ തട്ടകമായ പാലായില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പാര്‍ട്ടിയ്ക്കാകെ ക്ഷീണമായെന്നാണ് വിലയിരുത്തല്‍. റബ്ബര്‍ വിഷയത്തിലടക്കം എംപി പറയുന്ന നിലപാട് മുഖ്യമന്ത്രി അംഗീകരിക്കുമെന്നും ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കുമെന്നുമായിരുന്നു നേതാക്കള്‍ കരുതിയത്. ഇത് മുന്നില്‍ കണ്ടാണ് പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണിയും അധ്യക്ഷപ്രസംഗത്തില്‍ തോമസ് ചാഴിക്കാടന്‍ പറയാനിരുന്ന കാര്യങ്ങളെ സംബന്ധിച്ച് നേരത്തെ സൂചന നല്‍കിയത്. എന്നാല്‍ റോഷി അഗസ്റ്റിനെ ചാഴിക്കാടന്റെ അരികിലേക്ക് വിട്ട് മുന്നറിയിപ്പ് നല്‍കിയ പിണറായി പിന്നീട് പരസ്യമായി ജനങ്ങള്‍ക്ക് മുന്നില്‍വച്ച് എംപിയുടെ തൊലിയുരിച്ചു. സ്റ്റേജില്‍ വച്ച് എംപിയോട് രഹസ്യമായി പറയേണ്ടകാര്യം ഇങ്ങനെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നിലിട്ട് കൊടുത്തത് എന്തിനെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. നേരത്തെ സോളാര്‍ കേസില്‍ ജോസ് കെ മാണിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരുന്നു. പരസ്യമായ എതിര്‍പ്പ് രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ എല്‍ഡിഎഫ് യോഗത്തിലായിരുന്നു ജോസിന്റെ ആവശ്യം. എന്നാല്‍ പിണറായി വിഷയം മുളയിലെ നുളളി കളഞ്ഞു. ചാഴിക്കാടന്‍ വിഷയത്തിലും ശക്തമായ അവഹേളനം നേരിട്ടതോടെ എല്‍ഡിഎഫില്‍ നിന്നുകൊണ്ട് എതിര്‍പ്പ് പറയാന്‍ പറ്റാത്തതിന്റെ അസ്വസ്ഥത മാണിവിഭാഗത്തിലെ പ്രവര്‍ത്തകര്‍ക്കും ഒരു വിഭാഗം നേതാക്കള്‍ക്കിടയിലുമുണ്ട്. പാര്‍ട്ടിയുടെ നട്ടെല്ല് പണയംവച്ച് ഇടതുമുന്നണിയില്‍ തുടരണമോയെന്നാണ് ഇവരുടെ ചോദ്യം.