കണ്ണൂര്‍: ഷുക്കുർ വധക്കേസിൽ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി ജയരാജനെയും ടി.വി രാജേഷിനെയും പുറത്താക്കാന്‍സി.പി.എം തയാറാകണം. ഷുഹൈബ് അനുസ്മരണസമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മമതാ ബാനർജിക്കെതിരെ സി.ബി.ഐ വന്നപ്പോൾ അതിനെ പിന്തുണച്ചവരാണ് സി.പി.എം. ഷുക്കൂർ വധകേസിൽ സി.പി.എം നേതാക്കൾ കൊലക്കേസ് പ്രതിയായപ്പോൾ സി.പി.എം സി.ബി.ഐയ്ക്ക് എതിരെ രംഗത്ത് വരുന്നു. അരിയില്‍ ഷുക്കൂറിനെയും, ഷുഹൈബിനെയും കൊന്ന സി.പി.എമ്മിന് കോൺഗ്രസ് ഒരിക്കലും മാപ്പ് കൊടുക്കില്ല. ആളെ കൊല്ലുന്നതാണോ സി.പി.എമ്മിന്‍റെ പണി എന്നുചോദിച്ച പ്രതിപക്ഷനേതാവ് സി.പി.എം പ്രവർത്തകർ നിയമവാഴ്ച ഇല്ലാതാക്കുന്നുവെന്നും കുറ്റപ്പെടുത്തി.
ഷുക്കൂർ വധക്കേസില്‍ പി ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കും എതിരായ കുറ്റപത്രത്തെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. അധികാരം ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഇന്ത്യാരാജ്യത്തെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.