ഡി.എ നിഷേധിച്ച് പിണറായി സർക്കാർ ; പ്രത്യക്ഷ സമരത്തിനൊരുങ്ങി ജീവനക്കാരും പെന്‍ഷന്‍കാരും | Video Story

Jaihind News Bureau
Wednesday, January 15, 2020

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും പിണറായി സർക്കാരിനെതിരെ തിരിയുന്നു. ഒരു വർഷമായി ഡി.എ ലഭിക്കാത്തതിനാൽ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാൻ തയാറെടുക്കുകയാണ് സെക്രട്ടേറിയറ്റിലെ അടക്കം ജീവനക്കാർ. രണ്ട് പ്രളയകാലത്തും ഒരു മാസത്തെ ശമ്പളം വിട്ടുകൊടുത്ത് മനുഷ്യത്വപൂർണമായി സഹകരിച്ച ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് പിണറായി സർക്കാരിന്‍റേത് എന്നാണ് വിമർശനം.

2019 ൽ പ്രഖ്യാപിച്ച രണ്ട് ഗഡു ഡി.എ. ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. 2019 ജനുവരിയിൽ കേന്ദ്രം പ്രഖ്യാപിച്ച 3% ഡി.എ യും ജൂലൈയിൽ പ്രഖ്യാപിച്ച 5 % ഡി.എ യുമാണ് പിണറായി സർക്കാർ, ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിച്ചിരിക്കുന്നത്. വിവിധ തലങ്ങളിലുള്ള ജീവനക്കാർക്ക് 20,000 രൂപ മുതൽ 60,000 രൂപ വരെയാണ് കുടിശിക ഡി.എ ആയി ലഭിക്കേണ്ടത്. ഡി.എ അനുവദിക്കേണ്ട ഫയൽ രണ്ട് മാസമായി മന്ത്രി തോമസ് ഐസക്കിന്‍റെ ഓഫിസിൽ ഉറക്കത്തിലാണ്. കനത്ത സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് ട്രഷറി ഇടപാടുകൾ പാലും സ്തംഭിച്ചിരിക്കുമ്പോൾ ഡി.എ ഇത്തിൽ 775 കോടി രൂപ മാറ്റി വെക്കാനാവില്ല എന്നതാണ് സർക്കാർ നിലപാട്.

മന്ത്രിമാരുടെ ധൂർത്തിനും കുടുംബസമേതം ഉള്ള വിദേശയാത്രക്കും സ്വന്തക്കാരെ പ്രീതിപ്പെടുത്താനുള്ള അനാവശ്യ തസ്തികൾക്കുമായി ഖജനാവിൽ നിന്ന് വാരിക്കോരി ചെലവാക്കുമ്പോൾ അർഹമായ ഡി.എ ഒരു വർഷമായി തടഞ്ഞുവച്ചിരിക്കുന്ന പിണറായി സർക്കാരിനെതിരെ പ്രത്യക്ഷ സമരമുഖം തീർക്കാനാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളുടെ തീരുമാനം. വരുംദിവസങ്ങളിൽ സമരവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകും.