നവകേരളസദസില്‍ ജില്ലാ കളക്ടര്‍മാര്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവില്‍ വ്യക്തതയുണ്ടെന്ന് സര്‍ക്കാര്‍; ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി വാദംകേള്‍ക്കും

Jaihind Webdesk
Tuesday, December 19, 2023


നവകേരള സദസിന് ജില്ലാ കളക്ടര്‍മാര്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവില്‍ വ്യക്തതയുണ്ടെന്ന് സര്‍ക്കാര്‍. സ്‌പോണ്‍സര്‍ഷിപ്പ് എന്തിനൊക്കെ ആവാം എന്ന് കൃത്യമായി ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. സ്‌പോണ്‍സര്‍മാര്‍ സന്നദ്ധരായി വന്നാല്‍ കളക്ടര്‍മാര്‍ നേരിട്ട് പണം പിരിക്കേണ്ടതില്ലെന്നും മലയാളത്തിലുള്ള ഉത്തരവില്‍ ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നവകേരളസദസ് നടത്തുന്നതെന്നും ഒന്നും സുതാര്യമല്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിയില്‍ ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരായാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി പരസ്യങ്ങളിലൂടെ വിഭവ സമാഹാരണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ രസീത് നല്‍കിയോ പിരിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിഭവ സമാഹരണം നടത്താന്‍ ആണ് പറഞ്ഞിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. നവകേരള സദസില്‍ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവിടാന്‍ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തയ്യാറായിരുന്നില്ല.