ഇന്ധനവില നൂറടിച്ചാല്‍ പെടുന്നത് പമ്പുടമകളും

Jaihind Webdesk
Sunday, September 16, 2018

തിരുവനന്തപുരം : ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില നൂറിൽ തൊട്ടാൽ ഉപഭോക്താക്കൾക്കൊപ്പം പമ്പുടമകൾക്കും പാരയാകും. ഒരു ലിറ്റിന് നൂറ് രൂപയെന്ന വില പെട്രോൾ പമ്പുകളിലെ മെഷീനുകളിൽ പ്രദർശിപ്പിക്കാൻ നിലവിലെ മെഷീനുകൾക്ക് കഴിയില്ലെന്നതാണ് കാരണം. ഇതോടെ ഉപഭോക്താക്കൾക്ക് അവർ നിറയ്ക്കുന്ന ഇന്ധനത്തിന്റെ മൂല്യം എത്രയെന്ന് അറിയാനുള്ള സംവിധാനമാവും തകരാറിലാവുന്നത്. ഇത്തരത്തിലാണ് ഉയർച്ചയെങ്കിൽ വില നൂറ് കടക്കുന്നതിനൊപ്പം പമ്പുകളിലെ മെഷീനുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് വില കൃത്യമായി അറിയാൻ മെഷീനുകൾ പുനഃക്രമീകരിക്കേണ്ട അവസ്ഥയാവും വന്നു ചേരുക. ഇതോടെ താൽക്കാലികമായെങ്കിലും പമ്പുകൾ അടച്ചിടേണ്ടതായി വരുമെന്ന ആശങ്കയാണ് പമ്പുടമകൾ പങ്കുവെക്കുന്നത്.

നിലവിൽ പെട്രോൾ പമ്പുകളിൽ ഉപയോഗിക്കുന്ന ഇന്ധന മെഷീനുകളിൽ പ്രദർശിപ്പിക്കുന്ന യൂണിറ്റ് വില 99.99 രൂപവരെ മാത്രമാണ് നിജപ്പെടുത്തിയിരിക്കുന്നത്. നൂറ് രൂപയ്ക്ക് മുകളിൽ ഇന്ധന വില ഉയരുകയാണെങ്കിൽ യൂണിറ്റ് വില നൂറ് രൂപയെന്ന് പ്രദർശിപ്പിക്കാൻ പാകത്തിന് പുനഃക്രമീകരണം നടത്തേണ്ടി വരും.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഇത്തരത്തിലുള്ള പ്രതിസന്ധി ആദ്യമായി അനുഭവപ്പെട്ടത്. മുംബൈയിൽ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നതോടെയാണ് വില പ്രദർശിപ്പിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നത്. സാധാരണ പെട്രോളിന്റെ വില 90 രൂപയും കടക്കുമ്പോളാണ് ഹിന്ദുസ്ഥാൻ പെട്രോളിയം വിതരണം ചെയ്യുന്ന ഒക്ടെയ്ൻ ക്വാളിറ്റി പെട്രോളിന് വില നൂറ് കടന്നത്. പ്രീമിയം പെട്രോളിന്റെ വില 103 രൂപയെന്നത് പമ്പുകളിലെ മെഷീനുകളിൽ 03.33 എന്നാണ് പ്രദർശിപ്പിക്കപ്പെടുന്നത്. വിലകൂടിയ ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നവർ മാത്രമാണ് പ്രീമിയം പെട്രോളിനെ ആശ്രയിക്കുന്നത്. ഇതിനാൽ തന്നെ പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നത് അധികമാരും ശ്രദ്ധിച്ചിട്ടില്ല.

പെട്രോൾ പമ്പുകളിലെ യൂണിറ്റ് വില കേന്ദ്രീകൃത സെർവറുകളിൽ നിന്നാണ് പരിഷ്‌കരിച്ച് പ്രദർശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മെഷീനുകളിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ പെട്രോൾ പമ്പുകൾ അടച്ചിടേണ്ടി വരും. ഒരു ദേശീയ മാധ്യമം ഇന്നലെ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇതേപ്പറ്റിയുള്ള ട്രോളുകളും വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു.