തൃശൂരില്‍ പെട്രോള്‍ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍

Jaihind News Bureau
Wednesday, October 16, 2019

തൃശൂർ കയ്‌പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍. ചളിങ്ങാട് സ്വദേശികളായ അനസ്, സ്റ്റിയോ കയ്പമംഗലം സ്വദേശി അന്‍സാര്‍ എന്നിവരാണ് അറസ്റ്റിലായത്. പണം തട്ടാൻ ഗൂഡാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി

ഇരുപതും ഇരുപത്തിയൊന്നും വയസുള്ളവരാണ് പ്രതികൾ. മുൻപ് കേസുകളിൽ പെട്ടിട്ടുണ്ടെങ്കിലും ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരല്ല. ആർഭാട ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് മനോഹരനെ ലക്ഷ്യമിട്ടത്. പകലും രാത്രിയും പ്രവർത്തിക്കുന്ന പമ്പിലെ ലക്ഷങ്ങൾ വരുന്ന കളക്ഷൻ തുകയിലായിരുന്നു കണ്ണ്.

മനോഹരന്റെ നീക്കങ്ങൾ മൂന്ന് ദിവസം നിരീക്ഷിച്ചു. കൃത്യമായ ആസൂത്രണം നടത്തി. കൃത്യം നടത്തിയതിന്റെ തലേ ദിവസവും പ്രതികൾ ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

പെട്രോൾ പമ്പിൽ നിന്ന് കാറിൽ പുറപ്പെട്ടത് മുതൽ മനോഹരനെ ബൈക്കിൽ പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാറിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടാക്കി. പിന്നീട് തോക്ക് ചൂണ്ടി കീഴ്പ്പെടുത്തി. ഇത് കളിത്തോക്കാണെന്ന് പിന്നീട് വ്യക്തമായി.
കാറിൽ പണം ഇല്ലാതെ വന്നതോടെ സംഘത്തിന്റെ പ്രതീക്ഷ തെറ്റി. പണം എവിടെയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.

മനോഹരൻ ബഹളം വെച്ചതോടെ വായും മൂക്കും അമർത്തി പിടിച്ചു. കൈകൾ പുറകിലേക്ക് പിടിച്ച് കെട്ടുകയും ചെയ്തു. കാറിൽ എറണാകുളം ഭാഗത്തേക്ക് പോയ ഇവർ മനോഹരൻ മരിച്ചുവെന്ന് മനസിലാക്കിയതോടെ ഗുരുവായൂരിലേക്ക് തിരിച്ച് വന്നു. തുടർന്ന് മമ്മിയൂരിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം അങ്ങാടിപ്പുറത്തെത്തി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് കാർ ഉപേക്ഷിച്ചു. ഇവിടത്തെ ജീവനക്കാരനോട് നമ്പർ പ്ലേറ്റ് ശരിയാക്കി വരാമെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ വിവരമറിഞ്ഞെത്തിയ പോലീസ് മൂന്ന് പേരെയും പിടികൂടുകയായിരുന്നു.