പെരുമ്പാവൂര്‍ നഗരസഭാഭരണം ഇടതുമുന്നണിയെ തകര്‍ത്ത് യു.ഡി.എഫ് നേടി

Jaihind News Bureau
Tuesday, July 9, 2019

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭയിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. ഇടത് ചെയര്‍പേഴ്സണായ സതി ജയകൃഷ്ണനെതിരെയാണ് യുഡിഎഫ് പ്രമേയം കൊണ്ടുവന്നത്. ബിജെപി യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.
27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യുഡിഎഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണച്ചു. ആകെ 14 വോട്ടുനേടിയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്.