പുല്‍വാമ ആക്രമണം : അക്രമിയെ തിരിച്ചറിഞ്ഞു

Jaihind Webdesk
Thursday, February 14, 2019

PulwamaAttack

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റിയ ഭീകരവാദിയെ തിരിച്ചറിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയായ ആദില്‍ അഹമ്മദ് ദര്‍ ആണ് സിആര്‍പിഎഫ് സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് സ്‌കോര്‍പിയോ ഓടിച്ചുകയറ്റിയത്.

വ്യത്യസ്തമായ ആക്രമണശൈലിയാണ് അടുത്തിടെ ഭീകരവാദികള്‍ ഉപയോഗിക്കുന്നതെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജവാന്മാരെ ആക്രമിക്കാൻ ആദിൽ അഹമ്മദ് ഉപയോഗിച്ചത് ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉപയോഗിക്കുന്ന ‘റോഡ്സൈഡ് ബോംബ്’ രീതി. സുരക്ഷാസേനയ്ക്കും പൊതുജനങ്ങള്‍ക്കും നേര്‍ക്ക് മദ്ധ്യ കിഴക്കൻ ഏഷ്യയിൽ ഭീകരര്‍ ഉപയോഗിക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് റോഡ്സൈഡ് ബോംബ് ആക്രമണത്തിനായി ഉപയോഗിക്കുന്നത്. പുൽവാമയിലും ഇതേ രീതിയാണ് അവലംബിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നേകാലോടെയുണ്ടായ ആക്രമണത്തില്‍ ഇതിനോടകം 44 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

ആദില്‍ അഹമ്മദ് ഗാഡി ടക്‌രാനേവാല, ഗുന്ദിബാഗിലെ വക്വാസ് കമാന്‍ഡോ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആദില്‍ കഴിഞ്ഞ വര്‍ഷമാണ് ജെയ്‌ഷെയില്‍ ചേര്‍ന്നത്. കാകപോറ സ്വദേശിയാണ് ആദില്‍.  സ്ഫോടനം നടത്തിയ വാഹനത്തിനുള്ളില്‍  നൂറുകിലോയോളം അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തു ഉണ്ടായിരുന്നെന്നാണ് പ്രാഥമികനിഗമനം.