കോട്ടയത്തെ കുരുമുളക് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി ദ്രുതവാട്ടവാട്ടം; ഉദ്യോഗസ്ഥർ പ്രശ്‌നത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപം

Jaihind News Bureau
Monday, November 18, 2019

കോട്ടയത്തെ കുരുമുളക് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ദ്രുതവാട്ടവാട്ടം എന്ന രോഗം. ദ്രുതവാട്ടമാണെന്ന് കണ്ടെത്തിയിട്ടും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്‌നത്തിൽ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. വിലയിടിവിന് പുറമെ ചെടികൾ കരിഞ്ഞുണങ്ങിയതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

കിലോയ്ക്ക് എഴുന്നൂറ് രൂപയിലധികം ഉണ്ടായിരുന്ന കുരുമുളകിന് മുന്നൂറ് രൂപയാണ് നിലവിലെ വില. വിലയിടിച്ചിൽ മൂലം പ്രതിസന്ധിയിലായ കർഷകരെ വീണ്ടും ദുരിതത്തിലാക്കിയാണ് കുമിൾ രോഗം പടർന്നു പിടിക്കുന്നത്. കുറവിലങ്ങാട്, കടുത്തുരുത്തി, കറുകച്ചാൽ മേഖലകളിലാണ് ദ്രുതവാട്ടം ബാധിച്ച് കുരുമുളക് ചെടികൾ കരിഞ്ഞുണങ്ങുന്നത്. നിരവധി തവണ സമീപിച്ചിട്ടും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തോട്ടം സന്ദർശിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പ്രതിരോധ മരുന്നുകളും സർക്കാർ സംവിധാനം വഴി ലഭ്യമാക്കുന്നില്ല

ദ്രുതവാട്ടം കണ്ടെത്തിയ തോട്ടങ്ങളിൽ അതിവേഗമാണ് രോഗം മറ്റ് ചെടികളിലേക്ക് പടർന്നു പിടിക്കുന്നത്. ഇലകൾ പഴുത്ത് കരിഞ്ഞ് തുടങ്ങുന്നതാണ് ലക്ഷണം. ദിവസങ്ങൾക്കുള്ളിൽ ചെടി മുഴുവൻ കരിഞ്ഞ് നശിക്കും. രോഗ പ്രതിരോധത്തിന് കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമാണ് കർഷകരിൽ നിന്ന് ഉയരുന്നത്.