വന്യജീവി ശല്യത്തില്‍ സഹികെട്ട് ജനം തെരുവില്‍: സണ്ണി ജോസഫിന്റെ ഉപവാസം തുടരുന്നു

Jaihind News Bureau
Wednesday, February 26, 2025

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ ഏകദിന ഉപവാസ സമരം തുടരുന്നു. അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക. മനുഷ്യജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഉപവാസ സമരം നടത്തുന്നത്. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി സമരം ഉദ്ഘാടനം ചെയ്തു. ആനമതില്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാരിന് പ്രതിബദ്ധതയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി കുറ്റപ്പെടുത്തി. കുടിയേറ്റക്കാരുടെ അടുക്കളയില്‍ കയറി ചട്ടി പരിശോധനയല്ല വനപാലകരുടെ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. ആറളം ഫാമില്‍ ആദിവാസി ദമ്പതികള്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സണ്ണി ജോസഫ് എംഎല്‍എ ഉപവാസ സമരം പ്രഖ്യാപിച്ചത്.

ജനദ്രോഹനടപടികള്‍ തുടരുന്ന സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ മാര്‍ ജോസഫ് പാംബ്ലാനി ഉദ്ഘാടന പ്രസംഗത്തിലൂടെ ഉയര്‍ത്തിയത് . ആനമതില്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാരിന് പ്രതിബദ്ധതയില്ലെന്നും മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനസംരക്ഷണമാണ് വനപാലകരുടെ ചുമതല . കര്‍ഷകരുടെ ഭൂമിയില്‍ കയറി ഒരൊറ്റ ഒരാളെയും കസ്റ്റഡിയില്‍ എടുക്കാനോ മര്‍ദ്ദിക്കാനോ കുടിയേറ്റ ജനത അനുവദിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നിയമങ്ങളാണ് നിലവിലുള്ളത്. വന്യ മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള ഇരകള്‍ മാത്രമായാണ് ആദിവാസികളെയും കുടിയേറ്റക്കാരെയും സര്‍ക്കാര്‍ കാണുന്നത്. മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമം നടക്കുന്നു .അതിനായി വന്യമൃഗങ്ങളെ നിര്‍ബാധം വിഹരിക്കാന്‍ അനുവദിക്കുകയാണ്. കാര്‍ബണ്‍ ഫണ്ട് കൈ പറ്റുന്നതിനാണ് വനം വകുപ്പിന്റെ ഈ നീക്കമെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.

ഉപവാസ സമരത്തിന് പിന്തുണയുമായി വന്‍ ജനാവലിയാണ് എത്തുന്നത്. ദുരിതം നേരിടുന്ന പൊതു ജനങ്ങളും, കര്‍ഷകരും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട് . എം എല്‍ എ മാരായ ടി.സിദ്ദിഖ്, സജീവ് ജോസഫ്, തുടങ്ങിയവരും കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, വിവിധ യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു