കൊവിഡിന്‍റെ മറവില്‍ അമേരിക്കന്‍ കമ്പനിയുടെ വിവരശേഖരണം: മുഖ്യമന്ത്രി പലതും മറച്ചുവയ്ക്കുന്നു; മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങള്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, April 12, 2020

Ramesh-Chennithala

 

തിരുവനന്തപുരം: കൊവിഡിന്‍റെ  മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്കളറിന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ചു വയ്ക്കുകയും ബോധപൂര്‍വ്വം  തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് പതിനഞ്ച് ചോദ്യങ്ങള്‍ രമേശ് ചെന്നിത്തല ഉന്നയിച്ചു.

1. ഈ കമ്പനി പി.ആര്‍.കമ്പനി അല്ലെന്നാണ് മുഖ്യമന്ത്രി പണറായി വിജയന്‍ പറയുന്നത്. എന്നാല്‍ ഈ കമ്പനി പി.ആര്‍ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ഏതാണ് ശരി?

2. സംസ്ഥാനത്ത് നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് അമേരിക്കയിലുള്ള കമ്പനി സെര്‍വറിലാണെന്നാണ് കമ്പനിയുടെ സൈറ്റില്‍ പറയുന്നത്. ഏതാണ് ശരി?

3. ഇനി സെര്‍വര്‍ ഇന്ത്യയില്‍ സൂക്ഷിച്ചാലും അമേരിക്കയിലിരുന്നു അതിലെ വിവരങ്ങള്‍ കൈകാര്യം  ചെയ്യാന്‍ കഴിയില്ലേ ?

4. സര്‍ക്കാര്‍ തലത്തില്‍ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്‍റെ ഡാറ്റാ സെന്‍റ റിലേക്ക് എന്തു കൊണ്ട് അപ്ലോഡ് ചെയ്യുന്നില്ല? പകരം അമേരിക്കന്‍ കമ്പനിയുടെ വെബ്‌പോര്‍ട്ടലായ sprinklr.com ല്‍  നേരിട്ട് അപ് ലോഡ് ചെയ്യുന്നത് എന്തിനാണ്?  ആരാണ് അതിന് അനുമതി നല്‍കിയത്.

5. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്പിച്ചത് എന്തിനാണ്?

6.  സംസ്ഥാനത്തെ പൗരന്മാരുടെ വ്യക്തഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ വെബ്‌പോര്‍ട്ടലിലേക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തന്നെ അപ് ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമല്ലേ? സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് പണയപ്പെടുത്തതല്ലേ ഇത്?

7. സ്പ്രിങ്ക്ളര്‍ ശേഖരിക്കുന്ന ഈ വിവരങ്ങള്‍ കമ്പനി മറിച്ചു വില്‍ക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കാന്‍ കഴിയുക?

8. കമ്പനിയുടെ വെബ്‌സൈറ്റില്‍ അവര്‍ തന്നെ പറയുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ വില്‍ക്കുകയോ ചെയ്യുമെന്നാണ്. അപ്പോള്‍ നമ്മുടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും?

9.ലോകാരോഗ്യ സംഘടനയും ഇവരുടെ സേവനം ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇവര്‍ കൈമാറന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ? രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അവിടെ കൈമാറുന്നില്ല എന്നിരിക്കെ മുഖ്യമന്ത്രി എന്തിനാണ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത്?

10. അതീവ ഗൗരവമുള്ള ഈ വിവര ശേഖരണത്തിന് സ്പ്രിങ്കളറിനെ ചുമതലപ്പെടുത്തുന്നതിന് മുന്‍പ് നിയമാനുസൃതമുള്ള  നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ? അതിനായി ഗ്‌ളോബല്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ?