സംസ്ഥാനത്ത് ഭാഗിക അടച്ചുപൂട്ടല്‍ : ബാറുകള്‍ അടയ്ക്കും, ബെവ്കോ അടക്കില്ല; കാസർഗോഡ് സമ്പൂര്‍ണ ലോക്ക്ഡൗൺ

തിരുവനന്തപുരം : കൊവിഡ് ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗണിന് നീക്കം. കാസർഗോഡ് ജില്ലയില്‍ സമ്പൂർണ ലോക്ക്ഡൗണിനും തീരുമാനമായി. മറ്റ് കൊവിഡ് ബാധിത ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും. രോഗ ബാധിത ജില്ലകളിലെ ബാറുകള്‍ അടയ്ക്കും എന്നാല്‍ ബെവ്കോ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കും.

കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അവശ്യ സർവീസുകള്‍ മാത്രമാകും ഉണ്ടാവുക. സമ്പൂർണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയ കാസര്‍ഗോഡ് ജില്ലയില്‍ ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനും സ്വീകരിക്കേണ്ട നടപടികള്‍ ആസൂത്രണം ചെയ്യാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ വൈകിട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.

അതേസമയം കൊവിഡ് ബാധിത ജില്ലകളിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കർശനമായി ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ട്. ജനജീവിതം സ്തംഭിപ്പിക്കുന്ന നടപടികള്‍ വേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.

Comments (0)
Add Comment