പാലക്കാട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ തട്ടിപ്പ്; അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷന്‍

 

പാലക്കാട് : സിപിഎം ഭരിക്കുന്ന പാലക്കാട് കുലുക്കല്ലൂർ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്
അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി.

തട്ടിപ്പിൽ കൂടുതൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കാൻ പാലക്കാട് ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടു. തുടർന്ന് ചെർപ്പുളശേരി ഏരിയ കമ്മിറ്റി അടിയന്തിര യോഗം വിളിച്ച ശേഷമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഉണ്ണിക്കൃഷ്ണൻ, ഇ വിനോദ് കുമാർ, എം സിജു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷനോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്‍റ് ക്രെഡിറ്റ് സഹകരണ സംഘത്തില്‍ 45 ലക്ഷം രൂപയിലധികം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. സ്ഥാപനത്തിലെ പ്യൂണായ കെ.പി മണികണ്ഠൻ സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാണിച്ച് തട്ടിയെടുക്കുകയായിരുന്നു. സംഘത്തിന്‍റെ പണം മണികണ്ഠൻ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ നിന്നും വായ്പ എടുത്ത 24 പേരെ കുറിച്ച് യാതൊരു വിശദാംശങ്ങളും പരിശോധനയിൽ ഹാജരാക്കാനായില്ല. ഇവരുടെ ഒപ്പ് പോലും സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. ഭരണ സമിതി അംഗങ്ങളുടെ അറിവോടെയാണ് സാമ്പത്തിക തട്ടിപ്പ് നടന്നതെന്ന് ആരോപിച്ച് കോൺഗ്രസ് സൊസൈറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Comments (0)
Add Comment