ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ; മോദി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പാക് വിരുദ്ധത ഉപയോഗിക്കുന്നുവെന്നും ആരോപണം

Jaihind Webdesk
Wednesday, March 27, 2019

Imran-Khan-Pakistan

ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം സംഘർഷഭരിതമായിരിക്കുമെന്ന് ഇമ്രാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പാകിസ്ഥാൻ വിരുദ്ധത പ്രത്യക്ഷമായി ഉപയോഗിക്കുകയാണെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.

ഇന്ത്യയുടെ ഭാഗത്തു നിന്നും തെറ്റായ നീക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന എല്ലാ തരം പ്രകോപനങ്ങളേയും മറികടക്കാൻ തങ്ങൾ തയ്യാറാണെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. പാകിസ്ഥാനെയും ഇന്ത്യയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ശാർദ പീഠ് ഇടനാഴിലേക്കുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ ട്വീറ്റും പുറത്ത് വന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടൻ പാകിസ്ഥാനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ കഴിയുമെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ ട്വീറ്റ്.

ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടതിന് പിന്നാലെ അതിർത്തി സംഘർഷ ഭരിതമാണ്. പാകിസ്ഥാൻ ഇന്ത്യൻ അതിർത്തി ലംഘിച്ച് ആക്രമണം നടത്തുകയും ഇന്ത്യൻ വിങ്ങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാക് കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു.