ആശയക്കുഴപ്പങ്ങൾക്കൊടുവിൽ എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ

Jaihind News Bureau
Monday, May 25, 2020

ആശയക്കുഴപ്പങ്ങൾക്കൊടുവിൽ എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ നടക്കും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്.

ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് നാളെ എസ്.എസ്.എൽ.സി , +2 പരീക്ഷകള്‍ പുനരാരംഭിക്കുന്നത്. മാസ്ക്,സാനിറ്റൈസർ,തെൽമൽ സ്കാനർ ഉൾപ്പടെയുളള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് സ്കൂളുകൾ തയ്യാറെടുത്തിരിക്കുന്നത്. മാസ്ക് ധരിച്ച് എത്തുന്ന വിദ്യാർത്ഥികളുടെ തെര്‍മല്‍ സ്കാനിംഗ് നടത്തും. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്‍റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാൻ പാടില്ല. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 2945 കേന്ദ്രങ്ങളും, ഹയര്‍സെക്കന്‍ഡറിക്ക് 2032 കേന്ദ്രങ്ങളും, വി.എച്ച്. എസ്.സിക്ക് 389 കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്.

ആരോഗ്യവകുപ്പിന്‍റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ ഓരോ പരീക്ഷാ കേന്ദ്രങ്ങളിലുമുണ്ടാകും. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്ന് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷക്കെത്തനാവാതെ വരുന്നവര്‍ക്ക് സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷ എഴുതാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

teevandi enkile ennodu para