തിരുവനന്തപുരം : കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം യുഡിഎഫ് എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.
തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചത്. എതിര്‍പ്പ് അറിയിച്ചത് യുഡിഎഫ് , ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.എസ്.എസ് ലാല്‍ വ്യക്തമാക്കി.
സാധാരണ സ്‌ട്രോങ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമെ അത് തുറക്കാറുള്ളുവെന്നും പുതിയ കീഴ്വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഡോ.എസ്.എസ് ലാല്‍ ആരോപിച്ചു. ഉടനെ തിരഞ്ഞെടുപ്പ് വരാനില്ലെന്നുംപിന്നെ എന്തിനാണ് കേടായ മിഷീന്‍ മാറ്റുന്നതെന്നും ഇക്കാര്യത്തില്‍ അസ്വഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആരോപിച്ചു.