കോട്ടയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയ പരാജയമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി. മന്ത്രി എം.എം മണിയുടെ വാക്കുകൾ പോലെ തമാശയല്ല ദുരിതാശ്വാസ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സര്‍ക്കാരിന് ആത്മാർഥതയില്ല. വെള്ളപ്പൊക്ക ബാധിതർക്ക് 10,000 രൂപ നൽകുമെന്ന ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.
സര്‍ക്കാര്‍ ഉത്തരവിൽ അവ്യക്തതയുണ്ട്. ക്യാംപിൽ പോയവർക്കും മറ്റിടങ്ങളിൽ മാറി താമസിച്ചവർക്കും ആനുകൂല്യം ലഭിക്കണം. ജനങ്ങള്‍ ക്യാംപിലായിരുന്നതിനേക്കാൾ ദുരിതം അനുഭവിക്കുകയാണിപ്പോള്‍. ജോലി ചെയ്യാൻ പറ്റാത്തവർക്കും സർക്കാർ സഹായം ലഭിക്കണം. മത്സ്യത്തൊഴിലാളികളും ആനുകൂല്യത്തിന് അർഹരാണ്. ഇതു ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
https://www.youtube.com/watch?v=6Gs9LvTlTcs
സൗജന്യ റേഷൻ നൽകുന്നതിലെ കാലതാമസവും ദുരിതാശ്വാസ പ്രവർത്തനങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നതിന് ഉദാഹരണമാണ്. ഇത്തരം നടപടികൾ ഒരു ഗവൺമെന്റിനും യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യുന്നത് 34 രൂപയ്ക്കാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോൾ ഇന്ത്യയിൽ ഇന്ധന വില കൂട്ടുകയാണ്. കേന്ദ്രം എക്സൈസ് തീരുവ വര്‍ധിപ്പിച്ചത് ഇന്ധനവില കൂടാന്‍ കാരണമായി. UPA ഗവൺമെന്റിന്റെ കാലത്തേക്കാൾ നാലിരട്ടിയാണ് ഇന്ധനവില കൂടിയിട്ടുള്ളത്. സ്വകാര്യ കമ്പനികൾക്ക് മോദി സർക്കാർ കൂട്ടുനിൽക്കുകയാണ്. ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനവും നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല.
ജനാധിപത്യ മാർഗങ്ങൾ പരാജയപ്പെടുമ്പോൾ സമരം അനിവാര്യമാണ്. അതേസമയം ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.