ഓണ്‍ലൈന്‍ പഠനം: വിദ്യാർത്ഥികളെ സഹായിക്കാന്‍ പദ്ധതിയുമായി ഹൈബി ഈഡന്‍ എം.പി; ടാബുകള്‍ വാങ്ങി നല്‍കും

 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പദ്ധതിയുമായി ഹൈബി ഈഡന്‍ എം.പി. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്‌ലറ്റുകൾ വാങ്ങി നല്‍കുമെന്ന് ഹൈബി ഈഡന്‍ എം.പി അറിയിച്ചു. എറണാകുളം പാർലമെന്‍റ് മണ്ഡലത്തിലെ ഒരു സർക്കാര്‍ വിദ്യാലയത്തിലെ പത്താം ക്ലാസില്‍ പഠിക്കുന്ന പത്ത് വിദ്യാർത്ഥികള്‍ക്കായിരിക്കും ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് ടാബ്‌ലറ്റുകൾ വാങ്ങി നല്‍കുന്നത്. അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അത് നല്‍കേണ്ട ചുമതല അധ്യാപകര്‍ക്കാണ്.

ഈ ഉദ്യമത്തില്‍ ഓരോരുത്തർക്കും പങ്കുചേരാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എത്ര കുട്ടികള്‍ക്ക് ടാബ്‌ലറ്റുകള്‍ വാങ്ങി നല്‍കാനാകുമെന്ന് താത്പര്യമുള്ളവര്‍ക്ക് എം.പിയെ അറിയിക്കാം. കുട്ടികളുടെ ഭാവി നാം ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഹൈബി ഈഡന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

“നമ്മുടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായിരിക്കുകയാണ്. ടി വിയും മൊബൈൽ ഫോണും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ സത്യത്തിൽ കുറവായിരിക്കും.. എന്നാലും ഉണ്ട് താനും.

ഒരു ചെറിയ പദ്ധതിയെ ക്കുറിച്ച് ആലോചിക്കുകയാണ്.. എന്റെ ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയത്തിലെ, വീട്ടിൽ ഓൺലൈൻ ക്ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന 10 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ വാങ്ങി നൽകുന്നു. സ്‌കൂളിലേക്കായിരിക്കും വാങ്ങി നൽകുക. അദ്ധ്യാപകർക്ക് അത് അർഹരായവർക്ക് നൽകാം.

നാം എല്ലാവരും വലിയ പ്രതിസന്ധികൾക്കിടയിലാണ്.. എന്നിരുന്നാലും നമ്മുടെ കുട്ടികളുടെ ഭാവി നമ്മളോരോരുത്തരുടേയും ബാദ്ധ്യതയാണ്. ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്ക് ചേരാം.. എത്ര കുട്ടികൾക്ക് ടാബ് നൽകാൻ സാധിക്കുമെന്ന് എന്നെ അറിയിക്കാം.. നിങ്ങൾ എനിക്ക് പണം നൽകേണ്ട.. ടാബുകൾ അതാത് സർക്കാർ സ്‌കൂളുകളിൽ ഏൽപ്പിച്ചാൽ മതിയാകും..

നമുക്കൊരുമിച്ച് അതിജീവിക്കാം ഈ പ്രതിസന്ധിയും…”

Comments (0)
Add Comment