രാജ്യത്ത് ഉള്ളിവില വീണ്ടും കുതിക്കുന്നു

Jaihind News Bureau
Wednesday, November 6, 2019

Onion-Narendra-Modi

രാജ്യത്ത് ഉള്ളിവില വീണ്ടും കുതിക്കുന്നു. ഒരാഴ്ചയായി കിലോഗ്രാമിനു 50 രൂപ വരെയെത്തിയ വില ഇന്നലെ മാത്രം 80 മുതൽ 100 രൂപയുമായി ഉയർന്നു. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ മൂലം വിളകൾ നശിച്ചതാണ് വിലക്കയറ്റം രൂക്ഷമായതെന്നാണ് വ്യാപാരികൾ പറയുന്നത്.

മഴ മൂലം വിള നശിച്ചതിനാൽ മിക്ക പച്ചക്കറി ഇനങ്ങളുടെ വിതരണത്തിലും രാജ്യത്ത് കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം കിലോഗ്രാമിനു 80 രൂപ വരെയായി ഉയർന്ന തക്കാളിയുടെ വിലയും വീണ്ടും 60 രൂപയായി വർധിച്ചു. വെളുത്തുള്ളിയുടെ വില കിലോഗ്രാമിനു 300 മുതൽ 350 രൂപ വരെയും ഇഞ്ചിയുടെ വില 200 മുതൽ 250 രൂപ വരെയായും ഉയർന്നിട്ടുണ്ട്. ഡൽഹി സർക്കാർ ഉള്ളിയും തക്കാളിയും വില കുറച്ച് വിൽക്കാൻ തുടങ്ങിയതോടെയാണ് കഴിഞ്ഞ മാസം ചെറിയ തോതിൽ വിലക്കുറവുണ്ടായത്. എന്നാൽ, മഹാരാഷ്ട്രയിലെ മൊത്ത വിപണികളിൽ പോലും 13 മുതൽ 55 രൂപ വരെ കിലോഗ്രാമിനു വിലക്കയറ്റമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

ചണ്ഡിഗഡിലും ഇന്നലെ 80 രൂപയ്ക്കാണ് ഉള്ളി വിൽപന നടന്നത്. ഇതോടെ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ച ആദ്യഘട്ട ഉള്ളി വലിയ തോതിൽ കേടായി. അതിനാൽ, ഒക്ടോബർ രണ്ടാം വാരത്തിൽ വിപണികളിൽ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഉള്ളി വിതരണത്തിൽ വലിയ ഇടിവുണ്ടായി. ഇതേത്തുടർന്ന#ാണ് ഉള്ളി വില തുടർച്ചയായി ഉയരുന്ന സാഹചര്യമുണ്ടായത്. ഉള്ളി കയറ്റുമതി നിരോധിക്കുകയും ആഭ്യന്തര വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തുകയും ചെയ്ത ശേഷം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ, സർക്കാർ സംവിധാനങ്ങൾക്ക് ഇപ്പോഴും വില നിയന്ത്രിക്കാൻ സാധിക്കുന്നില്ലയെന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റം നൽകുന്ന സൂചന.

https://youtu.be/7VTWulLTlaQ